കുളത്തൂർ: തിരഞ്ഞെടുപ്പു കമ്മീഷന്റെ കണ്ണിൽപ്പെട്ടില്ലെങ്കിലും രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വോട്ടർ തിരുവനന്തപുരത്തെ കുളത്തൂരിൽ തികഞ്ഞ ആരോഗ്യത്തോടെ ഇത്തവണയും വോട്ടുചെയ്യാൻ റെഡിയായിരിക്കുന്നു. കോലത്തുകര ക്ഷേത്രത്തിനടുത്ത് കേളവിളാകത്ത് ടി.കെ.ജനാർദ്ദനൻ 1952-ലെ ആദ്യ പൊതു തിരഞ്ഞെടുപ്പു മുതൽ ഇന്നോളം എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ പ്രായം 103 കഴിഞ്ഞു.
നന്നേ ചെറുപ്പത്തിലേ തമിഴ്‌നാട്ടിലെത്തിയ ടി.കെ.ജനാർദ്ദനൻ, മധുര ആറപാളയം ക്രോസ് റോഡിൽ 35 വർഷമാണ് ചായക്കട നടത്തിയത്. മക്കളെല്ലാം നല്ലനിലയിലായതോടെ പതിന്നാലു വർഷം മുമ്പ് നാട്ടിൽ മടങ്ങിയെത്തി. ഇപ്പോൾ വിശ്രമ ജീവിതം മധുരയിൽ ആയിരിക്കെ വെള്ളിവീഥിയാർ ഗവ. ഹൈസ്‌കൂളിലെ അഞ്ചാം നമ്പർ ബൂത്തിലായിരുന്നു ജനാർദ്ദനന്റെ സ്ഥിരം വോട്ട്. നാട്ടിലെത്തിയതിൽപ്പിന്നെ കോലത്തുകര ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ.
ചിറയിൻകീഴ് പുളിമൂട് സ്വദേശികളാണ് ജനാർദ്ദനന്റെ അച്ഛനമ്മാർ. 1916-ൽ ജനനം. സി.പി.എം നേതാവ് ആനനത്തലവട്ടം ആനന്ദന്റെ അടുത്ത ബന്ധുവായ ജനാർദ്ദനന് എട്ടുമക്കൾ. എട്ടു പേർക്കായി 15 മക്കളും 18 ചെറുമക്കളും. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കുളത്തൂർ നെട്ടേച്ചുവിളാകത്ത് ജി വിശ്വംഭരന്റെ സഹോദരി സരോജിനിയായിരുന്നു ജനാർദ്ദനന്റെ ഭാര്യ. കഴിഞ്ഞ ഒക്‌ടോബറിൽ 96-ാം വയസ്സിൽ സരോജിനി മരണമടഞ്ഞു. കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് വോട്ട് ജനാർദ്ദനന്റെ വോട്ട് ആർക്കെന്ന ചോദ്യം വേണ്ട.