തിരുവനന്തപുരം: വേനൽ അവധിക്കാലം ആഘോഷമാക്കാൻ പ്രസ്ക്ലബ് സംഘടിപ്പിക്കുന്ന കനകോത്സവത്തിനായി കനകക്കുന്ന് ഒരുങ്ങുന്നു. നഗരസഭയുടെയും സിസയുടെയും സഹകരണത്തോടെ ഏപ്രിൽ അഞ്ചുമുതൽ 15 വരെയാണ് പരിപാടി. ദേശീയ മാദ്ധ്യമ എക്‌സിബിഷൻ, സിനിമാതാരങ്ങളുടെ നൃത്തോത്സവം, ദേശീയ പക്ഷിമൃഗ പ്രദർശനം, ചക്ക മഹോത്സവം, മാമ്പഴ ഫെസ്റ്റ്, വാഴ മഹോത്സവം, അലങ്കാര മത്സ്യ പ്രദർശനം, മെഡിക്കൽ എക്‌സ്‌പോ, ബാലഭാസ്‌കർ സ്‌മാരക ബാൻഡ്.ഡി.ജെ മത്സരം, ദേശീയ ഫോട്ടോഗ്രഫി മത്സരം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. അറിവും കൗതുകവും സമ്മാനിക്കുന്ന സ്റ്റാളുകൾ കനകോത്സവത്തിന്റെ മുഖ്യ ആകർഷണമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളും കനകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സ്ഥാനാർത്ഥികൾക്കൊപ്പം ഫോട്ടോ വാക്ക്, സ്ഥാനാർത്ഥികളുടെ മുഖാമുഖം, സ്ഥാനാർത്ഥി സംഗമം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. വാർത്താചാനലിലെ പ്രമുഖ അവതാരകരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. മജീഷ്യൻ മുതുകാട് നയിക്കുന്ന രണ്ടര മണിക്കൂർ നീളുന്ന മുതുകാട് നൈറ്റ്, ദിവ്യ ഉണ്ണിയുടെയും ശാരദാ തമ്പിയുടെയും നൃത്തം, മജീഷ്യൻ സാമ്രാജിന്റെ ബോംബ് എസ്‌കേപ്പ്, ഇന്ദ്ര അജിത് അവതരിപ്പിക്കുന്ന മെഴുകുതിരി മാജിക്, ഡൽഹിയിലെ ആമാദ് സെന്റർ അവതരിപ്പിക്കുന്ന വീൽചെയർ ഡാൻസ്, കോമഡി ഉത്സവം, പൂതപ്പാട്ട്, ലെനിൻ സ്‌മൃതി,​ ഗാനമേള എന്നീ കലാപരിപാടികൾ കനകോത്സവത്തിൽ അരങ്ങേറും. കനകോത്സവത്തിലെത്തുന്നവർക്ക് രുചിയുള്ള ചക്കപ്പഴം ഫ്രീയായി കഴിക്കാം. ഏറ്റവും കൂടുതൽ ചക്കപ്പഴം കഴിക്കുന്നവർക്ക് സമ്മാനവും ഉണ്ട്. ചക്ക മഹോത്സവത്തിന്റെ ഭാഗമായാണ് കാണികൾക്ക് വേണ്ടി ചക്കപ്പഴ തീറ്റ മത്സരം ഒരുക്കിയിരിക്കുന്നത്.

കുട്ടികൾക്കായി അമ്യൂസ്‌മെന്റ് പാർക്ക്

കനകോത്സവത്തിലെത്തുന്ന കുട്ടികൾക്ക് അവധിക്കാലം അടിച്ചുപൊളിക്കാൻ സുരക്ഷിതമായ അമ്യൂസ്‌മെന്റ് പാർക്കും ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിക്കുന്ന ക്യാപിറ്റൽ ജീനിയസ് റിവേഴ്സ് ക്വിസ് മത്സരം കനകോത്സവത്തിന്റെ ഭാഗമായി നടക്കും. കുട്ടികൾക്കായി ചിത്ര രചനാ മത്സരവും ഒരുക്കിയിട്ടുണ്ട്. മാമ്പഴ ഫെസ്റ്റിൽ രാജ്യത്തിനകത്തും പുറത്തുമുള്ള രുചിയേറിയ മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയുമാണ് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ സൂര്യകാന്തിയിലെ സ്റ്റേജിലാണ് ബാലഭാസ്‌കർ മ്യൂസിക് സ്‌മാരക ബാൻഡ്‌ ഡി.ജെ മത്സരം നടക്കുക. ഒപ്പം പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന നൃത്തവിരുന്നും അരങ്ങേറും.