തിരുവനന്തപുരം: അതിസമർത്ഥർക്ക് മാത്രം എ പ്ലസ് പ്രതീക്ഷിക്കാവുന്ന ചോദ്യ പേപ്പറായിരുന്നു ഇന്നലത്തെ എസ്.എസ്.എൽ.സി സോഷ്യൽ സയൻസ് പരീക്ഷയുടേത്. എന്നാൽ ശരാശരിക്കാരെ അധികം വലച്ചതുമില്ല. ചില ചോദ്യങ്ങൾ വായിച്ചു മനസിലാക്കാനുള്ള പ്രയാസം കുട്ടികളെ തെല്ല് ആശങ്കയിലാക്കി. സിലബസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് പ്രാധാന്യം നൽകിയായിരുന്നു ചോദ്യപേപ്പർ തയ്യാറാക്കിയത്. എന്നാൽ അത്ര പരിചിതമല്ലാത്ത രീതിയിലുള്ള ചില ചോദ്യങ്ങളുമുണ്ടായിരുന്നു. ആറാമത്തെ ചേരുംപടി ചേർക്കാനുള്ള 4 മാർക്കിന്റെ ചോദ്യത്തിന് ശരിയുത്തരം കണ്ടെത്താൻ വിദ്യാർത്ഥികൾ ഏറെ സമയമെടുത്തു. ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ എഴുതുക എന്ന നാല് മാർക്കിന്റെ പതിനാലാമത്തെ ചോദ്യവും കുഴപ്പിച്ചു.
ഇതിൽ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന വാക്കാണ് കുട്ടികളെ ആശയക്കുഴപ്പത്തിലാക്കിയത്.
ഗണിതത്തിന് ഉന്നത നിലവാരം
പതിവിൽ നിന്ന് വ്യത്യസ്തമായ ചോദ്യങ്ങളായിരുന്നു ഇന്നലത്തെ പ്ലസ്ടു ഗണിത പരീക്ഷയുടേത്.പഴയ മാതൃകയിൽ നിന്ന് വ്യത്യസ്തമായ ചോദ്യ പേപ്പറുമായി പൊരുത്തപ്പെടാൻ വിദ്യാർത്ഥികൾ അല്പം സമയമെടുത്തെങ്കിലും ഉത്തരം കണ്ടെത്താൻ കുഴഞ്ഞില്ല. ശരാശരിക്കാരെയും പരിഗണിക്കുന്ന ചോദ്യ പേപ്പറായിരുന്നു. ചോദ്യങ്ങൾ സിലബസിൽ തന്നെ കേന്ദ്രീകരിക്കുകയും എന്നാൽ നിലവാരമുള്ള ചോദ്യ മാതൃക തുടരുകയും ചെയ്യുന്നത് ഇനിയും തുടരാവുന്ന മാതൃകയാണെന്ന് അദ്ധ്യാപകർ പറഞ്ഞു.