rishbh-pant
RISHBH PANT

കഴിഞ്ഞ രാത്രി മുംബയ് ഇന്ത്യൻസിനെതിരെ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 37 റൺസ് വിജയത്തിലെത്തിച്ചതിന് പിന്നിലെ പ്രധാന ശില്പി യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ഋഷഭ്പന്തായിരുന്നു. 13 ഓവറിൽ 112/3 എന്ന നിലയിലായപ്പോഴാണ് പന്ത് കളത്തിലെത്തിയത്. വെറും 27 പന്തുകളിൽ നിന്ന് ഈ ഇടം കൈയൻ ബാറ്റ്സ്‌മാൻ അടിച്ചു കൂട്ടിയത് 78 റൺസ്. അവസാന ഏഴോവറിൽ ഡൽഹി നേടിയത് 101 റൺസും. ഇതിൽ 23 റൺസ് മാത്രമാണ് മറ്റ് ബാറ്റ്സ്‌മാന്മാരിൽ നിന്ന് പിറന്നത്.

ഡൽഹി ക്യാപിറ്റൽസ് 213/6 എന്ന സ്കോറിൽ ഫിനിഷ് ചെയ്തപ്പോൾ മറുപടിക്കിറങ്ങിയ മുംബയ് ഇന്ത്യൻസ് 19.2 ഓവറിൽ 176 വരെയെത്തി ആൾ ഔട്ടായി. ഒരു പക്ഷേ, ഋഷഭിന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നെങ്കിൽ മുംബയ് ഇന്ത്യൻസിന് ആദ്യമത്സരം ജയിക്കാനാകുമായിരുന്നു.

63

റൺസാണ് പന്ത് ഓൺസൈഡിലൂടെ നേടിയത്. ഓഫ് സൈഡിൽ പിച്ച് ചെയ്ത പന്തുകൾ പോലും പന്ത് ഓൺ സൈഡ് ഗാലറിയിലെത്തിച്ചു.

18

പന്തുകളിൽ നിന്നാണ് ഋഷഭ് അർദ്ധ സെഞ്ച്വറിയിലെത്തിയത്. മുംബയ് ഇന്ത്യൻസിനെതിരെ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടുന്ന താരമായി ഋഷഭ് മാറി. ധോണിയുടെ റെക്കാഡാണ് പന്ത് മറികടന്നത്.

മത്സരത്തിലെ മാൻ ഒഫ് ദ മാച്ച് പുരസ്കാരവും പന്തിനാണ്.

ലക്ഷ്യം ലോകകപ്പ്

മേയ് - ജൂൺ മാസങ്ങളിൽ ഇംഗ്ളണ്ടിൽ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കുകയാണ് പന്തിന്റെ പ്രധാന ലക്ഷ്യം. ഇക്കഴിഞ്ഞ ആസ്ട്രേലിയയുമായുള്ള പരമ്പരയിൽ സ്ഥിരത കാട്ടാൻ കഴിയാത്തത് തിരിച്ചടിയായിരുന്നു. ഇത് മറികടക്കാൻ ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനുള്ള ശ്രമത്തിലാണ് ഈ 21കാരൻ.

ഏത് പൊസിഷനിൽ ബാറ്റ് ചെയ്യാൻ ടീം ആവശ്യപ്പെട്ടാലും എനിക്ക് സന്തോഷം തന്നെ. ഇന്നലെ റൺറേറ്റ് കൂട്ടാനാണ് അഞ്ചാമനായി ഇറക്കിയത്. അതിന് കഴിഞ്ഞതിൽ സന്തോഷം.

-ഋഷഭ് പന്ത്

ഞങ്ങളിൽ നിന്ന് മത്സരം തട്ടിപ്പറിച്ചു കൊണ്ടുപോയത് ഋഷഭിന്റെ അസാമാന്യ ബാറ്റിംഗാണ്.

-രോഹിത് ശർമ്മ,

മുംബയ് ക്യാപ്ടൻ.

മുംബയ്‌യുടെ മറുപടി

35 പന്തുകളിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 53 റൺസടിച്ച യുവ്‌രാജ് സിംഗാണ് മുംബയ്ക്ക് വേണ്ടി പോരാടിയത്. ക്രുനാൽ പാണ്ഡ്യ (32), ഡികോക്ക് (27), പൊള്ളാഡ് (21) എന്നിവരും അല്പനേരം പിടിച്ചു നിന്നു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇശാന്ത് ശർമ്മയും റബാദയും ഓരോ വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗൾട്ടും തെവായിയയും കീമോവോളും അക്ഷർ പട്ടേലും ചേർന്നാണ് മുംബയ്‌യെ ആൾ ഔട്ടാക്കിയത്.

പന്താട്ടം

78 റൺസ്

27 പന്തുകൾ

7 ഫോർ

7 സിക്സ്

288-8

സ്ട്രൈക്ക് റേറ്റ്