തിരുവനന്തപുരം: പ്രസ്റ്റീജ് മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ഇന്നലത്തെ പര്യടനം തീർത്തും വ്യത്യസ്തമായിരുന്നു.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും വീരരാഘവന്റെയും സ്മരണകളിരമ്പുന്ന നെയ്യാറ്റിൻകരയിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരൻ.സ്വദേശാഭിമാനിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം പര്യടനം തുടങ്ങിയത്.തുടർന്ന് മുൻ മന്ത്രി എൻ. സുന്ദരം നാടാരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.കേരള ആട്ടോമൊബൈലിൽ എത്തി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി.കുളത്തൂർ ഗവൺമെന്റ് കോളേജിലും പോളിടെക്നിക്കിലും വിദ്യാർത്ഥികൾ അദ്ദേഹത്തെ സ്വീകരിച്ചു. പഴയ ഉച്ചക്കട, നെല്ലിമൂട്, കമുകിൻതോട്, വഴിമുക്ക് മേഖലകളിലും എത്തി. വൈകിട്ട് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ പുരസ്കാരദാനചടങ്ങിലും സംബന്ധിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂർ ഉച്ചയ്ക്ക് 11 ന് കവടിയാർ കൊട്ടാരം സന്ദർശിച്ചു. തുടർന്ന് മാനവീയം വീഥിയിൽ ഐ.എൻ.റ്റി.യു. സി നേതൃത്വത്തിലുള്ള ' ആട്ടോകൂട്ട'ത്തിന്റെ പരിപാടിയിൽ പങ്കെടുത്തു. വൈകിട്ട് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ചലച്ചിത്രതാരം മോഹൻലാലിന് പുരസ്കാരം സമർപ്പിക്കുന്ന ചടങ്ങിലും സംബന്ധിച്ചു.

നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലായിരുന്നു എൻ.ഡി.എഫ് സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ വോട്ട്തേടൽ.വൈകിട്ട് ഹോട്ടൽ താജിലെത്തി ചലച്ചിത്രതാരം മോഹൻലാലുമായി അല്പസമയം കൂടിക്കാഴ്ച നടത്തി. പത്മഭൂഷൺ പുരസ്കാര ലബ്ധിയിൽ മോഹൻലാലിന് അദ്ദേഹം ആശംസകൾ നേർന്നു. തിരിച്ച് കുമ്മനത്തിന് എല്ലാ തിരഞ്ഞെടുപ്പു വിജയങ്ങളും താരവും ആശംസിച്ചു.