കഴിഞ്ഞ രാത്രി ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ മുംബയ് പേസർ ജസ്‌പ്രീത് ബുംറയ്ക്ക് സംഭവിച്ച പരിക്ക് ഗുരുതരമല്ലെന്ന് ടീം വൃത്തങ്ങൾ. സ്വന്തം ബൗളിംഗിനിടെ പന്ത് ഫീൽഡ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ബുംറയ്ക്ക് തോളിന് പരിക്കേറ്റത്. മത്സരത്തിൽ ബുംറ ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല.
വരുന്ന ലോകകപ്പിൽ ഇന്ത്യയുടെ പേസ് ബൗളിംഗ് പ്രതീക്ഷയാണ് ബുംറ. അതിനാൽത്തന്നെ ബുംറയ്ക്ക് പരിക്കേറ്റത് ആശങ്കയുണർത്തിയിരുന്നു. ഗുരുതരമായ പരിക്കല്ല ബാധിച്ചതെന്ന് മുംബയ് ഇന്ത്യൻസ് ഫിസിയോ നിഥിൻ പട്ടേൽ അറിയിച്ചതോടെയാണ് ആശ്വാസമായത്. വേദന പൂർണമായും മാറിയാൽ അടുത്ത മത്സരത്തിൽ ബുംറ കളിച്ചേക്കും.
സമയമാകുമ്പോൾ ഞാൻ വിരമിച്ചോളാം
മുംബയ് : താൻ ക്രിക്കറ്റികൽ നിന്ന് വിരമിക്കണമെന്ന് ആരും മുറവിളി കൂട്ടേണ്ടെന്നും സമയമാകുമ്പോൾ ആദ്യം ആ തീരുമാനമെടുക്കുന്നത് താനായിരിക്കുമെന്നും യുവ്‌രാജ് സിംഗ്. കഴിഞ്ഞ രാത്രി ഡൽഹി ക്യാപ്പിറ്റൽസിനെതിരെ അർദ്ധ സെഞ്ച്വറി നേടിയശേഷം സംസാരിക്കുകയായിരുന്നു യുവി. ഈ സീസണിലെ ആദ്യഘട്ടം താരലേലത്തിൽ ഒരു ടീമും യുവിയെ എടുത്തിരുന്നില്ല. രണ്ടാംഘട്ടത്തിലാണ് മുംബയ് ഇന്ത്യൻസ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ തന്നെ ടീം ടോപ് സ്കോററായി യുവി ആത്മവിശ്വാസം കാട്ടുകയും ചെയ്തു. അണ്ടർ 14 തലം മുതൽ രാജ്യത്തിനായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതാണെന്നും അന്നത്തെ അതേ ആവേശത്തോടെയാണ് ഇപ്പോഴും കളിക്കുന്നതെന്നും 37കാരനായ യുവി പറഞ്ഞു. 37, 38, 39 വയസുകളിലൂടെ കടന്നുപോകുമ്പോഴുള്ള സമ്മർദ്ദത്തെക്കുറിച്ച് സച്ചിൻ ടെൻഡുൽക്കറുമായി സംസാരിച്ചതാണ് തനിക്ക് ആത്മവിശ്വാസം പകർന്നതെന്നും യുവി പറഞ്ഞു.