പാറശാല: ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ - എ.ബി.വി.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലെയും വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥികളുമായ നെയ്യാറ്റിൻകര സ്വദേശി സൗരവ്, പെരിങ്ങമല സ്വദേശി സച്ചിൻ എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. എസ്.എഫ്.ഐ പ്രവർത്തകരെ ഇരുപതോളം വരുന്ന എ.ബി.വി.പി പ്രവർത്തകർ കോളേജിനുള്ളിൽ മർദ്ദിച്ചെന്നാണ് പരാതി. ഇവർ പ്രിൻസിപ്പലിന്റെ മുറിയിൽ അഭയം തേടുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ സച്ചിൻ, സൗരവ് എന്നിവരെ പാറശാല ഗവ. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ കോളേജിൽ നടന്ന ആക്രമണത്തിൽ എ.ബി.വി.പി പ്രവർത്തകരായ ഒമ്പത് പേർക്കെതിരെ പേർക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. കോളേജിൽ ആക്രമണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പാറശാല ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ധനുവച്ചപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം സി.പി.എം ധനുവച്ചപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ്. നവനീത്കുമാർ ഉദ്ഘാടനം ചെയ്‌തു. എസ് എഫ് ഐ ഏരിയാ കമ്മിറ്റി പ്രസിഡന്റ് നിഖിൽ, ജില്ലാ കമ്മിറ്റി അംഗം അബുതാഹിർ, മിഥുൻ, ഉജ്ജ്വൽ ചക്രവർത്തി, അഭിലാഷ് എന്നിവർ സംസാരിച്ചു.