euro-qualification-round-
EURO QUALIFICATION ROUND FOOTBALL

മത്സര ഫലങ്ങൾ

ജർമ്മനി 3-ഹോളണ്ട് 2

ബെൽജിയം 2 - സൈപ്രസ് 0

ഹംഗറി 2 - ക്രൊയേഷ്യ1

റഷ്യ 4 - കസാഖിസ്ഥാൻ 0

പോളണ്ട് 2 - ലാത്വിയ 0

വട.അയർലാൻഡ് 2 - ബെലറൂസ്

ആംസ്റ്റർഡാം : ആവേശം തുളുമ്പിയ മത്സരത്തിന്റെ അവസാന മിനിട്ടിൽ ഹോളണ്ടിനെ കീഴടക്കി ജർമ്മനി യൂറോകപ്പിന്റെ യോഗ്യതാ റൗണ്ടിൽ വിജയക്കൊടി നാട്ടി തുടക്കമിട്ടു.

കഴിഞ്ഞ രാത്രി ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റർ ഡാമിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമ്മനി ജയിച്ചത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് ജർമ്മനി മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ഹോളണ്ട് രണ്ടെണ്ണം തിരിച്ചടിച്ചു. 90-ാം മിനിട്ടിൽ യുവതാരം നിക്കോ ഷൂൾസ് നേടിയഗോൾ ജർമ്മനിക്ക് വിജയം നൽകി.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ 1-1ന് സമനില വഴങ്ങിയിരുന്ന ജർമ്മനിക്കു വേണ്ടി 15-ാം മിനിട്ടിൽ ലെറോയ് സാനേയാണ് ഹോളണ്ടിന്റെ വലയിൽ ആദ്യഗോൾ വീഴ്ത്തിയത്. 34-ാം മിനിട്ടിൽ സെർജിഗാൻ (ബ) സ്കോർ ചെയ്തു. 48-ാം മിനിട്ടിൽ മത്തീസ് ഡിലിറ്റാണ് ഹോളണ്ടിന്റെ ആദ്യ ഗോൾ നേടിയത്. 63-ാം മിനിട്ടിൽ മെ‌ംഫിസ് ഡെപേയ്‌യും കൂടി സ്കോർ ചെയ്തതോടെ മത്സരം 2-2ന് സമനിലയിലായി. മറ്റൊരു സമനില പ്രതീക്ഷിച്ച് നിൽക്കുമ്പോഴായിരുന്നു ഷൂൾസിന്റെ വിജയഗോൾ. മികച്ച സേവുകളുമായി ജർമ്മൻ ഗോളി ന്യൂയർ മത്സരത്തിലെ നിർണായക ഘടകമായി.

കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്ന ക്രൊയേഷ്യയെ ഗ്രൂപ്പ് ഇ മത്സരത്തിൽ ഹംഗറി 2-1നാണ് അട്ടിമറിച്ചത്. 13-ാം മിനിട്ടിൽ ആന്റേ റെബിച്ചിലൂടെ ആദ്യം മുന്നിലെത്തിയത് ക്രൊയേഷ്യയാണ്. എന്നാൽ, ആദം സലായ് (34 മിനിട്ട്), മേറ്റ് പാത്കായ് (76-ാം മിനിട്ട്) എന്നിവരിലൂടെ ഹംഗറി വിജയം നേടിയെടുത്തു.

മറ്റൊരു മത്സരത്തിൽ റഷ്യ എതിരില്ലാത്ത നാല് ഗോളുകൾക്ക് കസാഖിസ്ഥാനെ കീഴടക്കി. ഡെനിസ് ചെറിഷേവ് 19, 45 മിനിട്ടുകളിലായി രണ്ട് ഗോളുകൾ നേടി. ആർട്ടെം സിയൂഉ ഒരു ഗോൾ നേടി. അബ്സാൽ ബെയ്സി ബെക്കോവിന്റെ സെൽഫ് ഗോളാണ് റഷ്യയുടെ പട്ടിക പൂർത്തിയാക്കിയത്. ഗ്രൂപ്പ് ഐയിൽ ബെൽജിയം 2-0ത്തിന് സൈപ്രസിനെ കീഴടക്കി. 10-ാം മിനിട്ടിൽ ഏദൻ ഹസാഡും 18-ാം മിനിട്ടിൽ മിച്ചി ബത്ഷുവായുമാണ് സ്കോർ ചെയ്തത്.

ഇന്നത്തെ മത്സരങ്ങൾ

സ്പെയ്ൻ Vs മാൾട്ട

ഗ്രീസ് Vs ബോസ്‌നിയ

റൊമാനിയ Vs ഫറോ ഐലൻഡ്

സ്വിറ്റ്സർലൻഡ് Vs ഡെന്മാർക്ക്

ഇറ്റലി Vs ലിച്ചെൻസ്റ്റീൻ

നോർവേ Vs ജോർജ്ജിയ

100 ഹസാഡ്

നിക്കോസ്യ : സൈപ്രസിനെതിരായ യൂറോ കപ്പ് യോഗ്യതാറൗണ്ട് മത്സരത്തിൽ ബെൽജിയൻ സ്ട്രൈക്കർ ഏദൻ ഹസാഡ് ചരിത്രത്തിലെ ഒരു നാഴികക്കല്ല് താണ്ടി. രാജ്യത്തിനായി ഹസാഡ് കളിക്കുന്ന നൂറാമത് മത്സരമായിരുന്നു ഇത്. മത്സരത്തിൽ ബെൽജിയം 2-0ത്തിന് വിജയിച്ചപ്പോൾ ആദ്യ ഗോളടിച്ചത് ഹസാഡായിരുന്നു.

ബെൽജിയത്തിന് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമാണ് ഏദൻ ഹസാഡ്. യാൻവെർട്ടോംഗനും അക്സൽ വിറ്റ്സെലുമാണ് മറ്റ് രണ്ടുപേർ.

ഇപ്പോൾ ഇംഗ്ളീഷ് ക്ളബ് ചെൽസിയിൽ കളിക്കുന്ന 28കാരനായ ഹസാഡ് അടുത്ത സീസണിൽ സിദാന് കീഴിൽ റയലിലെത്തിയേക്കും. കഴിഞ്ഞ ലോകകപ്പിൽ ബെൽജിയത്തെ സെമിയിലെത്തിച്ചതിലെ മുന്നണിപ്പോരാളി ഹസാഡായിരുന്നു.

അർജന്റീനയും ബ്രസീലും വീണ്ടും

ലണ്ടൻ : ലാറ്റിനമേരിക്കൻ തകർപ്പൻ ശക്തികളായ അർജന്റീനയും ബ്രസീലും ഇന്ന് അടുത്ത സൗഹൃദ മത്സരത്തിനിറങ്ങുന്നു. രാത്രി 12.30ന് അർജന്റീനയ്ക്ക് മൊറോക്കോയും രാത്രി 1.15ന് ബ്രസീലിന് ചെക്ക് റിപ്പബ്ളിക്കുമാണ് എതിരാളികൾ. കഴിഞ്ഞ ദിവസം അർജന്റീന 1-3ന് വെനിസ്വേലയോട് തോറ്റപ്പോൾ ബ്രസീൽ പനാമയോട് 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.