ksrtc-strike

തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് ഓഫീസിൽ സംഘടനായോഗം നടത്തുന്നത് വിലക്കി കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ഉത്തരവറിക്കി. ചീഫ് ഓഫീസിൽ പോലും ജോലി തടസപ്പെടുത്തിക്കൊണ്ട് യൂണിയൻ യോഗം നടന്നതിനെ തുടർന്നാണിത്. കഴിഞ്ഞ 23ന് ചീഫ് ഓഫീസിലെ പഴ്‌സണൽ വിഭാഗത്തിൽ ഭരണകക്ഷി യൂണിയന്റെ നേതാക്കൾ യോഗം ചേർന്നിരുന്നു. ചീഫ് ഓഫീസിൽ നിന്ന് സ്ഥലംമാറ്റിയ നേതാക്കൾ വരെ പങ്കെടുത്തു. ഈ സമയമത്രയും ഓഫീസ് പ്രവർത്തനം തടസപ്പെടുകയും ചെയ്തു.

നിയമന കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുള്ള എം.ഡി എം.പി ദിനേശ് നേരിട്ടല്ല ഉത്തരവിറക്കിയത്. ഭരണവിഭാഗം മേധാവിയാണ് എം.ഡിക്കുവേണ്ടി ഉത്തരവ് ഇറക്കിയിട്ടുള്ളത്.

അതേസമയം, ഷെഡ്യൂളുകൾ റദ്ദാക്കിയ സംഭവത്തിൽ മാനേജ്‌മെന്റ് ഒളിച്ചുകളി തുടരുകയാണ്. മിക്ക ഡിപ്പോകളിലെയും മൂന്നും നാലും ഷെഡ്യൂളുകൾ റദ്ദാക്കുന്നുണ്ട്. എന്നാലിത് അടിസ്ഥാനരഹിതമാണെന്ന് മാനേജ്‌മെന്റ് പത്രക്കുറുപ്പിൽ അറിയിച്ചു. 17ന് 4161 ഷെഡ്യൂൾ ഓടിച്ചെന്ന് അവകാശപ്പെടുമ്പോഴും 24ന് എത്ര എണ്ണം ഓടിച്ചെന്ന് വ്യക്തമാക്കുന്നില്ല. 5000ന് മേൽ ഷെഡ്യൂളുകൾ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നാണ് ഈ കുറവ്. 1000 ബസുകൾ വർക്ക്ഷോപ്പുകളിലാണ്.