supplyco

തിരുവനന്തപുരം: സപ്ലൈകോ ജീവനക്കാർ 82 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി സെക്രട്ടേറിയറ്റിലെ ഭക്ഷ്യവകുപ്പിന്റെ പരിശോധനാ വിഭാഗം സർക്കാരിനു നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ് പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാലാണ് വെട്ടിപ്പ് നടന്നത്. വിജിലൻസിനെ കാര്യക്ഷമമാക്കുന്നതിനിന് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനു കീഴിൽ എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഇ-ടെൻഡർ വഴിയാണ് സപ്ളൈകോയിൽ സാധനം വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന സാധനത്തിന്റെ സാമ്പിളുകൾ അഞ്ച് മേഖലാ ഓഫീസുകൾ കേന്ദ്രീകരിച്ചും തുടർന്ന് വിജിലൻസും പരിശോധിക്കണം.

കിഴക്കേകോട്ട പീപ്പിൾസ് ബസാറിൽ മാത്രം 20 ലക്ഷത്തിന്റെ വെട്ടിപ്പ് ഒരു ഉദ്യോഗസ്ഥൻ തന്നെ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സാധനങ്ങൾ തിരിച്ചു വയ്ക്കാനായിരുന്നു തട്ടിപ്പുകാരുടെ ശ്രമം. ദിവസങ്ങൾ വൈകിയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ക്രമക്കേട് 11.5 ലക്ഷമായി കുറഞ്ഞു. വെട്ടിപ്പ് ഒക്ടോബറിൽ കേരളകൗമുദിയാണ് പുറത്തു കൊണ്ടു വന്നത്. മെഡി. ഷോപ്പുകളിലേക്ക് ഒരു മാനേജരുടെ കീഴിലുള്ള പർച്ചേസിംഗ് അവസാനിപ്പിക്കണമെന്നും ശുപാർശയുണ്ട്..