kerala-dog

ചിറയിൻകീഴ്: തെരുവുനായ്ക്കളുടെ ശല്യം ചിറയിൻകീഴിലും പരിസര പ്രദേശങ്ങളിലും നാട്ടുകാരുടെ സ്വൈര്യ സഞ്ചാരത്തെ ദു:സഹമാക്കുന്നു. ഒറ്റയ്ക്കും കൂട്ടമായും നിരത്തുകളിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾക്കിടയിലേക്ക് എത്തപ്പെടുന്ന വയോജനങ്ങളും സ്ത്രീകളും കുട്ടികളുമാണ് ആക്രമണങ്ങൾക്ക് കൂടുതലും വിധേയരാകുന്നത്.

തെരുവു നായ്ക്കളുടെ കടിയേറ്റ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. സന്ധ്യ കഴിഞ്ഞാൽ ഇവിടത്തെ പല ഇടറോഡുകളിലും വഴിയാത്രക്കാർക്ക് പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയാണ്. നായ്ക്കൾ കുറുകെ ചാടി ഇരുചക്രവാഹനയാത്രികർക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്.

പഞ്ചായത്തിൽ നിന്ന് ആളെത്തി തെരുവ് നായ്ക്കളെ കൊല്ലുന്ന പതിവ് മുൻപുണ്ടായിരുന്നു. തെരുവു നായ്ക്കളെ കൊല്ലുന്നതിന് നിരോധനം വന്നതോടെയാണ് ഇത് ഇല്ലാതായത്. നായ്ക്കളുടെ ശല്യം വർദ്ധിച്ചതോടെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ.