ക്രിസ്‌ഗെയ്‌ലിന് അർദ്ധ സെഞ്ച്വറി (79)
ജയ്‌പൂർ : അർദ്ധസെഞ്ച്വറിയുമായി ആളിപ്പടർന്ന ക്രിസ്ഗെയ്ൽ സമ്മാനിച്ച മികച്ച സ്കോർ ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഇലവന് 14 റൺസ് വിജയം സമ്മാനിച്ചു.
തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ ഗെയ്ൽ 47 പന്തുകളിൽ 79 റൺസുമായി മിന്നിത്തിളങ്ങിയപ്പോൾ പഞ്ചാബ് കിംഗ്സ് ഇലവൻ നിശ്ചിത 20 ഓവറിൽ 184/4 എന്ന സ്കോറിലെത്തി. മറുപടിക്കിറങ്ങിയ രാജസ്ഥാൻ 170/9 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു. ചേസിംഗിനിറങ്ങി 16.3 ഒാവറിൽ 148/2 എന്ന നിലയിലായിരുന്ന രാജസ്ഥാൻ പിന്നീട് തകരുകയായിരുന്നു. 43 പന്തിൽ 69 റൺസടിച്ച ജോസ് ബട്ട്ലറെ 13-ാം ഒാവറിൽ മങ്കാഡിംഗിലൂടെ നഷ്ടമായ ശേഷമായിരുന്നു രാജസ്ഥാൻ തകർന്നത്. സഞ്ജു സാംസൺ (30) രഹാനെ ( 27) സ്മിത്ത് (20) എന്നിവരുടെ പുറത്താകലുകൾക്കും രാജസ്ഥാൻ വലിയ വില നൽകേണ്ടി വന്നു. അവസാന നാലോവറിൽ ഏഴുവിക്കറ്റുകളാണ് നഷ്ടമായത്.
നേരത്തേ എട്ട് ഫോറുകളും നാല് സിക്സുകളുമടക്കമായിരുന്നു ഗെയ്‌ലിന്റെ തകർപ്പൻ ഇന്നിംഗ്സ്. 29 പന്തുകളിൽ ആറ് ഫോറുകളും ഒരു സിക്സുമടക്കം പുറത്താകാതെ 46 റൺസ് നേടി ഇന്ത്യൻ യുവതാരം സർഫ്രാസ് ഖാനും ഗെയ്ലിന് പിന്തുണ നൽകി. മായാങ്ക് അഗർവാൾ 22 റൺസെടുത്തു.
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ അജിങ്ക്യ രഹാനെ പഞ്ചാബിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ക്രിസ്ഗെയ്ലും കെ.എൽ. രാഹുലും ചേർന്നാണ് ഓപ്പണിംഗിനായി ഇറങ്ങിയത്.
ആദ്യ ഓവറിൽ തന്നെ പഞ്ചാബിന് രാഹുലിനെ നഷ്ടമായി. നാലാം പന്തിൽ ധവാൽ കുൽക്കർണിയുടെ ബൗളിംഗിൽ കീപ്പർ ബട്ലർക്ക് കാച്ച് നൽകി രാഹുൽ (4) മടങ്ങുകയായിരുന്നു. തുടർന്നിറങ്ങിയ മായാങ്ക് അഗർവാൾ ക്രിസ്ഗെയ്ലുമായി ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുത്തു. രണ്ടാം ഓവറിൽ ഗൗതമിനെ സിക്സിന് പറത്തിയ മായാങ്ക് പിന്നീട് കൂറ്റനടിക്കാർക്ക് ശ്രമിക്കാതെ ക്രീസിൽ പിടിച്ചു നിന്നു. ആദ്യ അഞ്ചോവറിൽ 31/1 എന്ന നിലയിലായിരുന്നു പഞ്ചാബ്.
ഒൻപതാം ഓവറിൽ മായാങ്കിനെയും (22) നഷ്ടമായി. 24 പന്തുകൾ നേരിട്ട് ഒരു ഫോറും രണ്ട് സിക്സുമടിച്ച മായാങ്കിനെ ഗൗതമിന്റെ ബൗളിംഗിൽ കുൽക്കർണി പിടിക്കുകയായിരുന്നു. ആദ്യ പത്തോവറുകൾ പിന്നിടുമ്പോൾ 68/2 എന്ന നിലയിലായിരുന്നു പഞ്ചാബ്.
12-ാം ഓവറിലാണ് ഗെയ്ൽ വിശ്വരൂപം പുറത്തെടുത്തത്. ജയ്ദേവ് ഉനദ്കറിനെ ആദ്യ മൂന്ന് പന്തുകളിലും തുടർച്ചയായി ബൗണ്ടറി പറത്തി. അടുത്ത പന്തിൽ സിക്സിന് പായിച്ച് അർദ്ധ സെഞ്ച്വറി കടക്കുകയും ചെയ്തു. 19 റൺസാണ് ഈ ഓവറിൽ ഉനദ്കദ് വിട്ടുകൊടുത്തത്. തൊട്ടടുത്ത ഓവറിൽ സർഫ്രാസ് ഖാൻ ഗൗതമിനെതിരെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ പായിച്ചതോടെ പഞ്ചാബ് 100 റൺസ് കടന്നു.
16-ാം ഓവറിലാണ് ഗെയ്ൽ പുറത്തായത്. ബെൻസ്റ്റോക്സിന്റെ പന്തിൽ ത്രിപാതിക്ക് ക്യാച്ച് നൽകിയാണ് ഗെയ്ൽ മടങ്ങിയത്. തുടർന്നിറങ്ങിയ നിക്കോളാസ് പുരാൻ 12 റൺസെടുത്ത് മടങ്ങി.
ബട്ട്‌ലർ മങ്കാഡഡ്
ബൗളർ പന്തെറിയുംമുമ്പ് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ ക്രീസ് വിട്ടിറങ്ങിയ രാജസ്ഥാൻ ബാറ്റ്സ്മാൻ ജോസ് ബട്ട്ലറെ ഇന്നലെ പഞ്ചാബ് പുറത്താക്കിയത് മങ്കാഡിംഗ് എന്ന് വിളിക്കുന്ന റൺഒൗട്ട് രീതിയിലൂടെ. പഞ്ചാബ് ക്യാപ്ടൻ അശ്വിനായിരുന്നു ബൗളർ. സ്ട്രൈക്കേഴ്സ് എൻഡിൽ സഞ്ജുവും. അശ്വിൻ പന്തെറിയും മുമ്പ് ഒാടാനിറങ്ങിയ ബട്ട്ലറെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപ് തെറുപ്പിച്ച ശേഷം അപ്പീൽ ചെയ്തു. മലയാളിയായ കെ.എൻ അനന്ത പത്മനാഭനായിരുന്നു ഫീൽഡ് അമ്പയർ. ടി വി അമ്പയറുമായി ആലോചിച്ചശേഷം ഒൗട്ട് വിളിച്ചു. മുൻ ഇന്ത്യൻ താരം വിനു മങ്കാഡ് ആസ്ട്രേലിയൻ താരം ബിൽ ബ്രൗണിനെ ഇൗ രീതിയിൽ രണ്ട് തവണ പുറത്താക്കിയശേഷമാണ് മങ്കാഡിംഗ് എന്ന പേരുവന്നത്.