തിരുവനന്തപുരം: അഭിനയരംഗത്ത് പലപ്പോഴും ഏകലവ്യനെ പോലെ മനസുകൊണ്ട് ഗുരുവിനെ സങ്കൽപ്പിച്ച് പ്രാ‌‌ർത്ഥിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിന്റെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആദ്യത്തെ പ്രണവപദ്മ പുരസ്കാരം നേപ്പാൾ മുൻപ്രധാന മന്ത്രി ജാലാനാഥ് ഖനാലിൽ നിന്നും സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിനയത്തിൽ തനിക്ക് ഗുരുക്കന്മാരില്ല. സിനിമാജീവിതം തുടങ്ങിയിട്ട് 40 വർഷമായി. അഭിനയിക്കാൻ കഴിയില്ലെന്ന് കരുതിയ പല കഥാപാത്രങ്ങളും അഭിനയിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞത് ഗുരുക്കന്മാരുടെ അദൃശ്യ അനുഗ്രഹം കൊണ്ടാണ്. അതിലെടുത്തു പറയേണ്ടത് 'വാനപ്രസ്ഥ'ത്തിലെ വേഷമാണ്. വളരെ വർഷങ്ങളെടുത്ത് പഠിക്കേണ്ട കഥകളി പഠിച്ചിട്ടില്ല. മുഖത്ത് ഛായം തേയ്ക്കുമ്പോൾ ഞാൻ അറിയപ്പെടുന്ന കഥകളി ആചാര്യന്മാരെ മനസുകൊണ്ട് വന്ദിക്കും. കാവാലം നാരായണ പണിക്കരുടെ 'കർണഭാരം' അരങ്ങത്ത് അവതരിപ്പിച്ചപ്പോഴും ഇതേ അനുഗ്രഹം ലഭിച്ചു. കരുണാകരഗുരുവിനെ ഞാൻ കണ്ടിട്ടുണ്ട് അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാജീവ് അഞ്ചൽ സംവിധാനം ചെയ്ത 'ഗുരു' എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞു. ആ ഗുരുവിന്റെ അനുഗ്രഹം ഇപ്പോഴും അനുഭവിക്കുന്നു. ഭാരതം ലോകത്തിന് സമർപ്പിച്ച ഏറ്റവും മഹത്തായ പ്രകാശമാണ് ഗുരു.ആ കെടാവിളക്കിൽ നിന്നും ദീപങ്ങൾ പകർന്നെടുക്കുകയാണ് ശിഷ്യർ ചെയ്യുന്നത്- മോഹൻലാൽ പറഞ്ഞു. നേപ്പാളിന്റെ സാംസ്കാരിക ചിഹ്നമായ തൊപ്പി മുൻപ്രധാന മന്ത്രി ജാലാനാഥ് ഖനാൽ മോഹൻലാലിനെ അണിയിച്ചു. ഉറയിലിട്ട കത്തിയും സമ്മാനിച്ചു. ജോർജ്ജ് ഓണക്കൂറിന്റെ ആത്മകഥയായ ഹൃദയരാഗങ്ങൾ, മോഹൻലാൽ നിർമ്മാതാവ് ഗോകുലം ഗോപാലിന് നൽകി പ്രകാശനം ചെയ്തു. ശ്രികുമാരൻ ഫൗണ്ടേഷന്റെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു. പത്മഭൂഷൺ നേടിയ മോഹൻലാലിനെ കേരളകൗമുദിക്കു വേണ്ടി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ് അനുമോദിച്ചു. സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവരും പങ്കെടുത്തു. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, കെ.കെ. ശൈലജ, തിരുവനന്തപുരം ലോക്സഭാ മണ്ഡ‍ലത്തിലെ സ്ഥാനാർത്ഥികളായ ഡോ. ശശി തരൂർ., സി. ദിവാകരൻ, കുമ്മനം രാജശേഖരൻ, ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി അടൂർ പ്രകാശ്, ഗോകുലം ഗോപാലൻ, കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ആനാവൂർ നാഗപ്പൻ, നെയ്യാറ്റിൻകര സനൽ , വിജിതമ്പി, കെ.മധുപാൽ, ലോകനാഥ് ബെ‌ഹ്‌റ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.