കൊല്ലം: ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് പുലർച്ചെ 4. 45 നും 5.15 നുമിടെ പോർട്ട് കൊല്ലത്തും വാടിയിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ലോക്കൽ പൊലീസും തീരേദശ പൊലീസും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഇന്ന് പുലർച്ചെ തെരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
യുവതിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.തുടർന്ന് അധികം ദൂരത്ത് നിന്നല്ലാതെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടിൽ സുനിൽ (23)ഭാര്യ ശാന്തിനി (19) എന്നിവരെയാണ് ഞായറാഴ്ച രാത്രി ഏഴരയോടെ കൊല്ലം ബീച്ചിൽ കാണാതായത്. പരേതനായ ഗോപാലന്റെയും ഇന്ദിരയുടെയും മകനാണ് സുനിൽ. കൊട്ടിയം പുല്ലാങ്കുഴിയാണ് ശാന്തിനിയുടെ സ്വദേശം. പെരുമണിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം ബന്ധുക്കളായ യുവാക്കൾക്കൊപ്പം എത്തിയതായിരുന്നു ഇരുവരും. യുവതി തിരയിൽ കാൽ നനയ്ക്കാൻ മുന്നോട്ട് നീങ്ങവെ കാൽതെറ്റി തിരയിൽ അകപ്പെട്ടു. രക്ഷിക്കാൻ മുന്നോട്ടാഞ്ഞ ഭർത്താവും തിരയിൽ അകപ്പെടുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വിസ്‌റ്റിന് ശേഷം പോസ്‌റ്റ്‌മോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.