crime

കൊച്ചി: പെരുമ്പാവൂരിൽ ശീതളപാനീയ കടയുടമ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതികൾ പിടിയിൽ. പെരുമ്പാവൂർ സ്വദേശികളും സഹോദരങ്ങളുമായ അഖിൽ ബാബു, മിഥുൻ ബാബു എന്നിവരാണ് പിടിയിലായത്. മരിച്ച ഐമുറി വിച്ചാട്ടുപറമ്പിൽ ബേബിയുടെ (66)സഹോദരി പുത്രന്മാരാണ് ഇരുവരും. പ്രതികളെ രക്ഷപ്പെടാൻ സാഹായിച്ച മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെരുമ്പാവൂർ സ്വദേശികളായ സുബിൻ, ഷംഷാദ്, അസ്ലം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂവരും അഖിലിന്റെയും മിഥുന്റെയും സുഹൃത്തുക്കളാണ്. കേസിൽ അഞ്ച് പേരുടെയും അറസ്റ്റ് രാവിലെ രേഖപ്പെടുത്തി ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പെരുമ്പാവൂർ എസ്.ഐ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ബേബി മർദ്ദനമേറ്റ് മരിച്ചത്. പെരുമ്പാവൂർ എ.എം റോഡിൽ താലൂക്ക് ആശുപത്രിക്ക് സമീപം ഫ്രൂട്ട് സ്റ്റാൾ നടത്തുന്ന ബേബിയെ കടയിലെത്തിയ സഹോദരി പുത്രൻമാർ മർദ്ദിക്കുകയായിരുന്നു. സ്വത്ത് തർക്കത്തിന്റെ പേരിലായിരുന്നു മർദ്ദനം. ഇതിന്റെ പേരിൽ മുമ്പും പലതവണ ഇവർ തമ്മിൽ അടിപിടിയുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് ബേബി നിരവധി പരാതികൾ പോലീസിന് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. മർദ്ദനത്തെത്തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണം. മർദനത്തിൽ ബേബിയുടെ വാരിയെല്ലിനു ക്ഷതമേറ്റിരുന്നു. കൂടാതെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നതായും പൊലീസ് പറഞ്ഞു.

പിടികൂടിയത് കോയമ്പത്തൂരിൽ നിന്ന്

ബേബിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളുടെ കൈയിൽ നിന്ന് പണവും വാഹനവും കടം വാങ്ങി അഖിലും മിഥുനും കോയമ്പത്തൂരിലേക്ക് കടന്നു. പിടികൂടാതിരിക്കാൻ ഫോണും ഉപയോഗിച്ചിരുന്നില്ല. എന്നാൽ, സുഹൃത്തുക്കളെ പിടികൂടിയ പൊലീസിന് പ്രതികൾ കോയമ്പത്തൂരിലേക്കാണ് രക്ഷപ്പെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞത് പ്രതികളെ പിടികൂടാൻ സഹായകമായി. ഇരുവരുടെയും കൈയിൽ പണം കുറവാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് കോയമ്പത്തൂരിലെ പ്രധാന ഇടങ്ങളിൽ തെരച്ചിലിൽ നടത്തിയാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും ഇന്ന് പെരുമ്പാവൂരിൽ എത്തിക്കും.