കോട്ടയം: കാണക്കാരിയിൽ സ്വന്തം പുരയിടത്തിൽ വൃദ്ധ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മകൻ ബിനുരാജിനെയും വീട്ടിലെ ജോലിക്കാരൻ വിശ്വംഭരനെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇരുവരും പൊലീസ് നിരീക്ഷണത്തിലാണ്.
കാണക്കാരി വാഴക്കാലായിൽ പരേതനായ ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ ചിന്നമ്മയെയാണ് (83) കഴിഞ്ഞ ദിവസം വീടിനു സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ വൈകുന്നേരം രത്നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
മകന്റെ അമിത മദ്യപാനവും അവഗണനയുമാവാം ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.
മകന്റെ മദ്യപാനത്തിൽ ഇവർ കടുത്ത വിഷമത്തിലായിരുന്നു. മദ്യലഹരിയിൽ ഇവരെ മകൻ മർദ്ദിക്കുമായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തീപൊള്ളലാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെ വീട്ടിൽ നിന്ന് കാണാതായ ചിന്നമ്മയെ പിറ്റേന്ന് രാവിലെയാണ് പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. എന്നാൽ പുരയിടത്തിൽ തീ ആളിപ്പടരുന്നത് ആരുംകണ്ടിട്ടില്ല. നിലവിളിയും കേട്ടില്ല. ഇതാണ് ദൂരൂഹത ഉണർത്തുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പുല്ലിൽ തീ പടർന്ന ലക്ഷണങ്ങളില്ലെന്നും നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ അയൽവാസികളുടെയും മകൻ ബിനുവിന്റെയും മൊഴി പൊലീസ് വീണ്ടും എടുക്കും. ആത്മഹത്യയാണെങ്കിൽപോലും ബിനുവിനെതിരെ പ്രേരണാകുറ്റം നിലനിൽക്കും.