ന്യൂഡൽഹി: അമേതിയിൽ നിന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലെ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തിൽ കൂടി സ്ഥാനാർത്ഥിയാവാൻ കാരണങ്ങൾ പലതാണ്. അഞ്ച് വർഷങ്ങളായി തോറ്റിട്ടം അമേത്തിയെ പ്രവർത്ത മണ്ഡലമാക്കിയ സ്മൃതി ഇറാനി ഇക്കുറി വെല്ലുവിളിയാവും എന്ന തിരിച്ചറിവാണ് മറ്റൊരു മണ്ഡലം തേടാൻ കാരണമായിരിക്കുന്നത്. ഇത് കൂടാതെ ആർക്കും ഭൂരിപക്ഷമില്ലാതെ ഒരു തൂക്ക് മന്ത്രിസഭയുണ്ടായാൽ പ്രധാനമന്ത്രി കുപ്പായം തയ്ച്ചിരിക്കുന്ന ബി.എസ്.പിക്ക് ശക്തമായ അടിവേരുകളുള്ള മണ്ഡലമാണ് അമേത്തി. രാഷ്ട്രീയമായി വിരുദ്ധചേരിയിലാവുമ്പോൾപ്പോലും കൃത്യമായ രാഷ്ട്രീയ ധാരണയോടെ കോൺഗ്രസിന് ബി.എസ്.പിയും, എസ്.പിയും എക്കാലവും പിന്തുണ നൽകി പോന്നിരുന്ന മണ്ഡലങ്ങളായിരുന്നു അമേത്തിയും റായ്ബറേലിയും. എന്നാൽ ഇക്കുറി മായാവതി പാലം വലിക്കുമോ എന്ന ഭയം കോൺ. നേതൃത്വത്തിനുണ്ട്. മായാവതിയുടെ പ്രധാനമന്ത്രി മോഹം തന്നെ അതിന് കാരണം.
എന്നാൽ ഇതിനൊക്കെ പുറമേ രാഹുലിന് പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് അമേത്തിയിലെ യുവനേതാവായ ഹാജി ഹാരൂൺ റഷീദ് . അമേതിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ പ്രദേശിക കോൺഗ്രസ് നേതാവ്ഹാജി സുൽത്താൻ ഖാന്റെ മകനും തയാറെടുക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേതിയിൽ 1991ൽ രാജീവ് ഗാന്ധിയുടെയും 1998ൽ സോണിയാ ഗാന്ധിയുടേയും നാമനിർദ്ദേശ പത്രികയിൽ പിന്തുണച്ച് ഒപ്പിട്ട നേതാവാണ് സുൽത്താൻ ഖാൻ. മണ്ഡലത്തിൽ 6.5 ലക്ഷം വോട്ടർമാരുള്ള മുസ്ലിം സമുദായത്തെ കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം അവഗണിക്കുന്നുവെന്നാരോപിച്ചാണ് ഖാന്റെ മകനായ യുവനേതാവ് ഹാജി ഹാരൂൺ റഷീദ് അമേതിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാനിറങ്ങുന്നത്. മുസ്ലീം സമുദായത്തെയും അവരുടെ വികസനത്തേയും കോൺഗ്രസ് അവഗണിച്ചെന്ന് ഹാരൂൺ ആരോപിക്കുന്നു. ഇത് അമേതിയിൽ രാഹുവിന് വെല്ലുവിളിയാകും.
'1910ൽ ജനിച്ച എന്റെ അച്ഛൻ 70 വർഷത്തിലധികം കോൺഗ്രസിനും നെഹ്രുകുടുംബത്തിനും വേണ്ടി പ്രവർത്തിച്ചു. എന്നാൽ കോൺഗ്രസ് പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ബന്ധമില്ല. അമേതിയിലെ ഗ്രാമങ്ങളിൽ പോയാൽ അറിയാം അവിടെ എത്ര പട്ടിണിയും ദാരിദ്ര്യവുമാണെന്ന്. 70 വർഷം നീണ്ട കാലയളവാണ്. ഇനിയും നമ്മളുണർന്നില്ലെങ്കിൽ വിധിയെ മറികടക്കാൻ നമുക്കാവില്ല ' ഹാരൂൺ പറയുന്നു. ഏത് പാർട്ടിയിൽ ചേരുമെന്ന് ഹാരൂൺ പറഞ്ഞിട്ടില്ല. എന്നാൽ സമാജ് വാദി പാർട്ടിയാണ് ഇദ്ദേഹത്തിന്റെ പിന്നിലെന്നാണ് സൂചന.
വർഷങ്ങളായി നെഹ്രു കുടുംബത്തിൽ പെട്ടവരാണ് അമേതിയിൽ മത്സരിക്കുന്നത്. 1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും 1998ൽ സോണിയാ ഗാന്ധിയും ഇവിടെ നിന്ന് മത്സരിച്ചിരുന്നു. 2004ൽ രാഹുൽ വരുന്നത് വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സോണിയ ആയിരുന്നു. 2004ൽ സോണിയ റായ്ബറേലിയിലേക്ക് മാറി. തുടർന്ന് രാഹുലാണ് അമേതി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
ബി.ജെ.പിയുടെ രാജ്യസഭാംഗമായിക്കേ സ്മൃതി ഇറാനിയാണ് കഴിഞ്ഞ തവണ രാഹുലിനെതിരെ അമേതിയിൽ മത്സരിച്ചത്. രാഹുലിന്റെ ഭൂരിപക്ഷം 2009ലെ മുന്നേ മുക്കാൽ ലക്ഷത്തിൽ നിന്ന് ഒരു ലക്ഷമാക്കി കുറയ്ക്കാൻ അവർക്ക് കഴിഞ്ഞു. ശക്തമായ വെല്ലുവിളിയാണ് കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി ഇത്തവണയും അമേതിയിൽ ഉയർത്തുന്നത്. യു.പി നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശഭരണ തിരഞ്ഞെടുപ്പിലും ബി.ജെ. പി കാര്യമായ നേട്ടമാണ് അമേതിയിലുണ്ടാക്കിയത്. ആകെയുളള അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും ബി.ജെ.പി യാണ് ജയിച്ചത്. ഒന്നിൽ എസ്.പിയും ജയിച്ചു. കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമില്ലെങ്കിലും അമേതിയിലും റായ്ബറേലിയിലും എസ്.പി ബി.എസ്. പി സഖ്യം കോൺഗ്രസിനെതിരെ സ്ഥാനാർത്ഥിയെ നിറുത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മായാവതിക്ക് പ്രധാനമന്ത്രി മോഹമുണ്ടെന്നിരിക്കെ അവരുടെ പാർട്ടി എത്രത്തോളം രാഹുലിനെ പിന്തുണയ്ക്കുമെന്ന് കണ്ടറിയണം. ഈ സാഹചര്യത്തിലാണ് തെക്കേ ഇന്ത്യയിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കുമെന്ന സൂചന വന്നത്.
അതേസമയം കേരളത്തിലെ വയനാട്ടിൽ കൂടി രാഹുൽ മത്സരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുകയാണ്. കോൺഗ്രസ് ഏറ്രവും ഒടുവിൽ പുറത്തിറക്കിയ പട്ടികയിലും കേരളത്തിലെ വയനാടും വടകരയും ഇല്ല. കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന നിലയിൽ പ്രചാരണം തുടങ്ങിയ ടി. സിദ്ദിഖ് വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പിന്മാറി പ്രചാരണം അവസാനിപ്പിച്ചുകഴിഞ്ഞു. ബി.ജെ.പിയെ മുഖ്യശത്രുവായി കാണുന്ന രാഹുൽ ഇടതുപക്ഷത്തിന് സ്വാധീനമുളള കേരളത്തിൽ വന്ന് മത്സരിക്കുമ്പോൾ അതെന്ത് സൂചനയാണ് നൽകുകയെന്ന് സി.പി.എം നേതാക്കൾ ചോദിച്ചിരുന്നു.