തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിനെത്തുന്ന മറ്റ് സിലബസ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം റെക്കോർഡ് വർദ്ധന. പത്താം ക്ലാസ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പഠിച്ച ശേഷം ഹയർ സെക്കൻഡറിക്ക് പൊതു വിദ്യാലയങ്ങളിൽ കഴിഞ്ഞ അദ്ധ്യയന വർഷം അഡ്മിഷൻ നേടിയത് 42,864 വിദ്യാർത്ഥികളാണ്. ഇതിൽ 38,985 പേർ സി.ബി.എസ്.ഇയിൽ നിന്നും 3879 പേർ ഐ.സി.എസ്.ഇയിൽ നിന്നുമാണ്. ഏറ്റവുമധികം കുട്ടികൾ സർക്കാർ പ്ലസ്ടു വിദ്യാലയങ്ങളിലേക്ക് വന്നതും കഴിഞ്ഞ അദ്ധ്യയന വർഷത്തിലാണ്. 2017-18 അദ്ധ്യയന വർഷത്തിൽ 40,395 പേരും, 2016-17ൽ 41,634 പേരും മറ്റു സിലബസുകളിൽ നിന്ന് പൊതുവിദ്യാലയങ്ങളിൽ പ്ലസ് വണിന് അഡ്മിഷൻ നേടിയെന്നും ഹയർ സെക്കൻഡ‌റി ഡയറക്ടറേറ്റിൽ നിന്നുള്ള വിവരാവകാശ രേഖയിൽ പറയുന്നു.
സി.ബി.എസ്.ഇ വിഭാഗത്തിൽ എറണാകുളം ജില്ലയിൽ നിന്നാണ് കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ സർക്കാർ സിലബസിലേക്ക് വന്നത്. 5057 പേർ. ഐ.സി.എസ്.ഇയിൽ നിന്ന് കൊല്ലം ജില്ലയിൽ നിന്നാണ് കൂടുതൽ പേർ: 692.
തിരുവനന്തപുരം (3767), കൊല്ലം (2883), പത്തനംതിട്ട (1701), ആലപ്പുഴ (3127), കോട്ടയം (3464), ഇടുക്കി (1308), തൃശ്ശൂർ (4061), പാലക്കാട് (2071), മലപ്പുറം (3798), കോഴിക്കോട് (2927), വയനാട് (710), കണ്ണൂർ (2751), കാസർകോട് (1360) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ സി.ബി.എസ്.ഇ വിട്ട് സർക്കാർ സിലബസിലേക്ക് വന്ന കുട്ടികളുടെ കണക്ക്.