തിരുവനന്തപുരം: കഴിഞ്ഞ 6ന് ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് അവസാനിക്കും. ഉത്തര പേപ്പറുകളുടെ മൂല്യനിർണയും ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഏപ്രിൽ 12 വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ട മൂല്യനിർണയം 16, 17 തീയതികളിലായി നടക്കും. ഇതോടെ രണ്ടാം വർഷ ഹയർ സെക്കൻഡറി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പൂർത്തിയാക്കാനായില്ലെങ്കിൽ ബാക്കി തിരഞ്ഞെടുപ്പിന് ശേഷം നടത്തും. 17ന് അടയ്ക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ തിരഞ്ഞെടുപ്പിനു ശേഷം പുനഃരാരംഭിക്കും. സംസ്ഥാനത്തെ 110 കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ നടക്കുക.
അതേസമയം ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് മൂല്യനിർണയം ബഹിഷ്‌കരിക്കുമെന്ന പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ പ്രഖ്യാപനം മൂല്യനിർണയത്തെ ബാധിച്ചേക്കും. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ സൂചനാ ബഹിഷ്‌കരണവും, ബഹിഷ്‌കരണത്തിനെതിരെ സർക്കാർ നടപടിയുണ്ടായാൽ തുടർന്നും മൂല്യനിർണയത്തിൽ നിന്ന് വിട്ടുനിൽക്കാനുമാണ് അദ്ധ്യാപക സംഘടനകളുടെ തീരുമാനം. കെ.എച്ച്.എസ്.ടി.യു, എ.എച്ച്.എസ്.ടി.എ, എച്ച്.എസ്.എസ്.ടി.എ, കെ.എ.എച്ച്.എസ്.ടി.എ എന്നീ സംഘടനകൾ അടങ്ങിയ ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷനാണ് മൂല്യനിർണയം ബഹിഷ്‌കരിക്കുന്നത്. ഇവർ വിദ്യാഭ്യസ മന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഹയർ സെക്കൻഡറി ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്ക് സമര നോട്ടീസ് നൽകി. 90 ശതമാനം അദ്ധ്യാപകരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് സമരക്കാർ അവകാശപ്പെടുന്നത്. സമരം മൂല്യനിർണയത്തെ ബാധിക്കുന്നതിനൊപ്പം പരീക്ഷാഫലം വൈകാനും കാരണമായേക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് തങ്ങളോട് ചർച്ച ചെയ്യാതെയാണ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.

കെമിസ്ട്രി മൂല്യനിർണയം ഉദാരമാക്കും


ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ വലച്ച പ്ലസ്ടു കെമിസ്ട്രി ഉത്തരക്കടലാസിന്റെ മൂല്യനിർണയം ഉദാരമാക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന സ്‌കീം ഫൈനലൈസഷൻ യോഗത്തിലാണ് തീരുമാനമെടുത്തത്. ചോദ്യപേപ്പറിലെ പ്രശ്നം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. കെമിസ്ട്രി പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കിയ രീതി സംബന്ധിച്ച് നിരവധി വിമർശനം ഉയർന്നിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ വരെ വിദ്യാർത്ഥികൾ പരാതി ബോധിപ്പിച്ചു. മാതൃകാ പരീക്ഷയുടെ പാറ്റേൺ തെറ്റിച്ചും പ്ലസ്ടു വിദ്യാർത്ഥികളുടെ നിലവാരത്തെക്കാൾ ഉയർന്ന തലത്തിൽ ഉള്ളതുമായിരുന്നു കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങൾ.