പ്രിയപ്പെട്ട ദീപു,
1951ൽ 'ചാഴിപ്പപ്പൻ' എന്നും 'ഐമു പപ്പൻ ' എന്നും അറിയപ്പെട്ടിരുന്ന കൃശഗാത്രൻ ഒരു മുറുക്കാൻകട തുടങ്ങി കുറുപ്പംപടിയിൽ. പപ്പന്റെ കടയിൽ 'ജനയുഗ' ത്തിനൊപ്പം 'കേരളകൗമുദി ' യും വരും. നിത്യേന വൈകുന്നേരം സോഡാക്കുപ്പികൾ നിരത്തിയ ആ തട്ടിൽ ചാരിനിന്ന് ഞാൻ കൗമുദി വായിക്കും. പിന്നെ പഠിക്കാൻ ഇവിടെ വന്നു. ഇവിടെ സർവത്ര കൗമുദി ആണല്ലൊ. അങ്ങനെ ഏതാണ്ട് എഴുപത് കൊല്ലമായി കൗമുദി വായിക്കുന്ന വ്യക്തിയാണ് ഞാൻ. ആ പരിചയത്തിന്റെ ബലത്തിൽ പറയട്ടെ, മാർച്ച് 24 -ാം തീയതിയിലെ മുഖപ്രസംഗം എഴുതിച്ചത് പത്രാധിപർ സുകുമാരൻ അവർകൾ ആയിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു, കാഴ്ചയിൽ ഒപ്പ് ദീപുവിന്റേതാണെങ്കിലും. ശുഭമസ്‌തു. അവിഘ്‌ന മസ്തു. ഇതാണ് വഴി.
വാത്സല്യത്തോടെ,
ഡി. ബാബുപോൾ
(ശ്രീ. ഡി. ബാബുപോൾ കേരളകൗമുദി ചീഫ് എഡിറ്റർ ശ്രീ. ദീപുരവിക്ക് വ്യക്തിപരമായി അയച്ച ഈ കത്ത് ശ്രീ. ബാബുപോളിന്റെ അനുമതിയോടെ ഞങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.)