women

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിനായി ചൂട് പിടിച്ച ചർച്ചകൾക്ക് വെടിപൊട്ടിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ഏഴ് പതിറ്റാണ്ടിനിടെ ലോക്‌സഭ കണ്ടത് എട്ടു വനിതകൾ മാത്രം ! സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 16 പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെ കണക്കാണിത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കൊടിയോ ചിഹ്നമോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും മത്സരിച്ചാണ് വനിതാ നേതാക്കളെ തഴയുന്നത്. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം വനിതാ വോട്ടർമാരായിരുന്നു കൂടുതൽ എന്നത് മറ്റൊരു ചരിത്രം.

തിരുവിതാംകൂർ കോൺഗ്രസിന്റെ ആദ്യ വനിതാ വർക്കിംഗ് കമ്മിറ്റി അംഗമായിരുന്നു ആനി മസ്‌ക്രീനാണ് കേരളത്തിൽ നിന്ന് ലോക്‌സഭയിലെത്തിയ ആദ്യ വനിത. 1952ലെ പ്രഥമ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ ടി.കെ. നാരായണ പിള്ളയെ 68,117 വോട്ടിന് തോൽപ്പിച്ചാണ് തിരുവനന്തപുരത്തു നിന്ന് ലോക്‌സഭയിലെത്തിയത്. എന്നാൽ 1957ലെ തിരഞ്ഞെടുപ്പിൽ നാലാമതുമായി. പിന്നെയൊരു വനിതാ എം.പിക്കായി 10 വർഷം കാത്തിരിക്കേണ്ടിവന്നു. 1967ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി.എസ്. കാർത്തികേയനെ തോൽപ്പിച്ചാണ് സി.പി.എമ്മിന്റെ സുശീലാ ഗോപാലൻ ലോക്‌സഭയിലെത്തിയത്. 1971ൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ഏറ്റുമുട്ടിയ തി‌രഞ്ഞെടുപ്പിൽ അടൂരിൽ സി.പി.എമ്മിലെ പി.കെ. കുഞ്ഞച്ചനെ തോൽപ്പിച്ച് സി.പി.ഐയിലെ ഭാർഗവി തങ്കപ്പൻ ലോക്‌സഭാംഗമായി. കോൺഗ്രസിന്റെ പിന്തുണ സി.പി.ഐക്കായിരുന്നു.

1980ൽ സുശീലാഗോപാലൻ ആലപ്പുഴയിൽ വിജയമാവർത്തിച്ചു. എതിർസ്ഥാനാർത്ഥി ഓമനപിള്ളയെ 1,14,764 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 1984ലെ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴിലെത്തിയ സുശീലാഗോപാലൻ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനെ 1106 വോട്ടിന് തോൽപ്പിച്ച് മൂന്നാംതവണയും ജയിച്ചുകയറി. 1989ൽ മുകുന്ദപുരത്തെ പ്രതിനിധീകരിച്ച സാവിത്രി ലക്ഷ്മണനാണ് കേരളത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ പാർലമെന്റിലെത്തിയ ഏക വനിത. 1991ൽ എ.പി. കുര്യനെ 12,365 വോട്ടിന് പരാജയപ്പെടുത്തി അവർ വിജയമാവർത്തിച്ചു. 1998ൽ വടകരയിൽ കോൺഗ്രസിലെ പി.എം. സുരേഷ് ബാബുവിനെ 59,161 വോട്ടിന് തോൽപ്പിച്ച് സി.പി.എമ്മിലെ എ.കെ. പ്രേമജം വിജയിച്ചു. 1999ലും പ്രേമജം വിജയമാവർത്തിച്ചു.

2004ലെ സി.പി.എം സ്ഥാനാർത്ഥിയായി വടകരയിൽ മത്സരിച്ച പി. സതീദേവി കോൺഗ്രസിന്റെ എം.ടി. പത്മയെ 1,30,589 വോട്ടിനാണ് തോൽപ്പിച്ചത്. എന്നാൽ 2009ൽ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് തോറ്റു. 2004ൽ മാവേലിക്കരയിൽ രമേശ് ചെന്നിത്തലയെ 7414 വോട്ടിന് തോൽപ്പിച്ച് സി.പി.എമ്മിലെ സി.എസ്. സുജാതയും ലോക്‌സഭയിലെത്തി. കഴിഞ്ഞ തവണ കണ്ണൂരിൽ നിന്ന് കോൺഗ്രസിലെ കെ. സുധാകരനെ തോൽപ്പിച്ച പി.കെ. ശ്രീമതിയാണ് എട്ടാം സ്ഥാനക്കാരി.

ഇത്തവണത്തെ പി.കെ. ശ്രീമതി (കണ്ണൂർ)​,​ ശോഭ സുരേന്ദ്രൻ (ആറ്റിങ്ങൽ)​,​ രമ്യ ഹരിദാസ് (ആലത്തൂർ)​,​ ഷാനിമോൾ ഉസ്മാൻ (ആലപ്പുഴ)​,​ വീണാ ജോർജ് (പത്തനംതിട്ട)​,​ വി.ടി. രമ (പൊന്നാനി)​ എന്നിവരാണ് യു.‌‌ഡി.എഫ്,​ എൽ.ഡി.എഫ്,​ ബി.ജെ.പി ടിക്കറ്രിൽ മത്സരിക്കുന്നത്.