ആറ്റിങ്ങൽ: അനുവാദമില്ലാതെ പോസ്റ്റർ പതിച്ചെന്ന് വീട്ടുടമ പരാതിപ്പെട്ടതിനെത്തുടർന്ന് തിരഞ്ഞെടുപ്പുദ്യോഗസ്ഥർ ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ കീറി. വിവരമറിഞ്ഞെത്തിയ ബി.ജെ.പി പ്രവർത്തകർ ഇലക്ഷൻ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത് സംഘർഷത്തിൽ കലാശിച്ചു. പൊലീസെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.
കച്ചേരിനടയ്ക്കുസമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇലക്ഷൻ ഉദ്യോഗസ്ഥരായ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ എസ്.സി, എസ്.ടി ഡെവലപ്‌മെന്റ് ഓഫീസർ ശ്രീകുമാറിനെയും സംഘത്തെയുമാണ് തടഞ്ഞുവച്ചത്. ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസ് പ്രവർത്തിക്കുന്നതിനടുത്ത വീടിന്റെ മതിലിൽ പതിച്ചിരുന്ന പോസ്റ്ററാണ് ഉദ്യോഗസ്ഥർ കീറിയത്. ഈ മതിലിൽ പരസ്യം പതിക്കരുതെന്ന് രേഖപ്പെടുത്തിയിരുന്നു. പോസ്റ്ററുകൾ കീറുന്നതറിഞ്ഞെത്തിയ ബി.ജെ.പിക്കാർ വാഹനത്തോടെ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു .തുടർന്ന് പൊലീസെത്തി ഉദ്യോഗസ്ഥരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുണ്ടെന്ന് ബി.ജെ.പിക്കാർ ആരോപിച്ചു. വീട്ടുകാരുടെ പരാതിയെത്തുടർന്നാണ് പോസ്റ്റർ കീറിയതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ, പൊലീസ് അന്വേഷിച്ചപ്പോൾ പോസ്റ്റർ ഒട്ടിച്ചതിൽ തങ്ങൾക്ക് പരാതിയില്ലെന്നായി വീട്ടുകാരുടെ നിലപാട്. തിരഞ്ഞെടുപ്പുദ്യോഗസ്ഥർക്ക് പരാതിയുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പക്ഷപാതപരമായി പ്രവർത്തിക്കുന്നു എന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു.