വിപണി ഇടപെടലിലൂടെ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ആശ്വാസം നൽകാൻവേണ്ടി 1974ൽ സ്ഥാപിതമായ സപ്ളൈകോ ഇക്കാലത്തിനിടെ ഒരുപാടു വളർന്നു. വിലക്കയറ്റത്തിന്റെ നാളുകളിൽ ധാരാളം കുടുംബങ്ങൾക്ക് ആശ്വാസം നൽകാനും കഴിഞ്ഞു. വളർച്ചയ്ക്കൊപ്പം പുതിയ ഉയരങ്ങൾ കീഴടക്കേണ്ടതിനു പകരം കുറെകാലമായി അഴിമതിയുടെയും ഭീമാകാരമായ വെട്ടിപ്പുകളുടെയും പേരിലാണ് ഈ സ്ഥാപനം ശ്രദ്ധിക്കപ്പെടുന്നത്. മുകൾത്തലം മുതൽ താഴെ തലംവരെ ക്രമക്കേടുകളും വെട്ടിപ്പും വ്യാപകമായതോടെ ജനകീയ പ്രസ്ഥാനം എന്ന സൽപ്പേരിനും ഏറെ ഇടിവുണ്ടായി. താക്കോൽ സ്ഥാനങ്ങളിൽ കയറിപ്പറ്റിയവരും ഡെപ്യൂട്ടേഷനിൽ വന്നവരുമൊക്കെ ആകാവുന്ന വിധം സ്ഥാപനത്തിനു നഷ്ടം വരുത്താൻ മത്സരമായിരുന്നു. നഷ്ടം നികത്താൻ സർക്കാരുള്ളതിനാൽ അഴിമതിയും ധൂർത്തും വെട്ടിപ്പും അഭംഗുരം തുടർന്നുകൊണ്ടേയിരുന്നു. സെക്രട്ടേറിയറ്റിലെ ഭക്ഷ്യവകുപ്പ് ഈയിടെ നടത്തിയ പരിശോധനയിൽ 82 കോടി രൂപയുടെ വെട്ടിപ്പാണ് കണ്ടുപിടിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 31 വരെയുള്ള കണക്കാണിത്.
വ്യാപകമായ ക്രമക്കേടുകളിലൂടെയാണ് ഇത്രയും തുക സപ്ളൈകോയ്ക്കു നഷ്ടമായത്. ക്രമക്കേടുകളുടെ പേരിൽ സസ്പെൻഷനും പുറത്താക്കലുമൊക്കെ അവിടെ പതിവു സംഭവങ്ങളാണ്. 23 ജീവനക്കാരെ ക്രമക്കേടു കാണിച്ചതിന്റെ പേരിൽ സർവീസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. 33 ജീവനക്കാർക്കെതിരെ വിജിലൻസ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. നാലരക്കോടി രൂപയിലധികമാണ് ഇവരിൽ നിന്ന് ഈടാക്കാനുള്ളത്. വിരമിച്ച 122 പേരിലും ക്രമക്കേടുകൾക്ക് കേസുണ്ട്. സർവീസിലിരിക്കെ വെട്ടിപ്പു നടത്തിയതിന്റെ പേരിൽ കേസെടുത്തിരുന്നവരിൽ നിന്ന് ഈടാക്കാനുള്ളത് ഒന്നേമുക്കാൽ കോടി രൂപയാണ്. ഇങ്ങനെ എണ്ണിപ്പറയാൻ ഏറെ ഉണ്ട്. സപ്ളൈകോയിൽ വിജിലൻസ് സംവിധാനം വേണ്ടപോലെ പ്രവർത്തിക്കാത്തതുകൊണ്ടാണ് ഇത്രയേറെ വെട്ടിപ്പുകൾ നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ പഴി ഏൽക്കാൻ ആരുമില്ലാത്തതിനാൽ നഷ്ടക്കണക്ക് അങ്ങനെ തന്നെ തുടരാനാണ് സാദ്ധ്യത.
എല്ലാ തലങ്ങളിലും ക്രമക്കേടിനും വെട്ടിപ്പിനും ഏറെ സാദ്ധ്യതകളുള്ള സംവിധാനമാണ് സപ്ളൈകോയിലുള്ളത്. മുൻകാലങ്ങളിൽ ടെൻഡർ വിളിച്ചാണ് സാധനങ്ങൾ വാങ്ങിക്കൊണ്ടിരുന്നത്. ടെൻഡറിൽ കൃത്രിമങ്ങളും തിരിമറികളും പതിവായതോടെ ഗുണനിലവാരമില്ലാത്ത സാധനങ്ങൾ പതിവായി എത്താൻ തുടങ്ങി. ജനങ്ങളിൽ നിന്നുണ്ടായ വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് കാര്യമായ പരിഷ്കാരങ്ങൾക്ക് സർക്കാർ തുനിഞ്ഞത്. ഇപ്പോൾ ഇ - ടെൻഡർ വഴിയാണ് സാധനങ്ങൾ വാങ്ങുന്നത്. ഗുണനിലവാര പരിശോധന നിർബന്ധമാണെങ്കിലും അവിടെയുമുണ്ട് പഴുതുകൾ പലതും.
വിപണി വിലയെ അപേക്ഷിച്ച് സപ്ളൈകോ ബസാറുകളിൽ ഉത്പന്നങ്ങൾക്ക് വിലകുറച്ചു നൽകിയതിലൂടെയാണ് ജനങ്ങൾക്ക് അവ അനുഗ്രഹമായത്. എന്നാൽ കുറെ വർഷങ്ങളായി ആ സ്ഥിതിക്കു മാറ്റം വന്നിട്ടുണ്ട്. വളരെ കുറച്ചു സാധനങ്ങളേ സബ്സിഡി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഉത്സവ സീസൺ വില്പനക്കാലത്ത് മാത്രമേ സപ്ളൈകോ ഡിപ്പോകളിൽ തിരക്ക് അനുഭവപ്പെടാറുള്ളൂ. സർക്കാർ വൻതോതിൽ സബ്സിഡി നൽകുന്നതിനാലാണിത്. സീസൺ തീരുമ്പോൾ കച്ചവടവും ഗണ്യമായി കുറയുന്ന പ്രവണതയാണിപ്പോൾ. സാധനങ്ങളുടെ ദൗർലഭ്യവും ഉയർന്ന വിലയും തന്നെ പ്രധാന പ്രശ്നം. ജനങ്ങൾക്കാവശ്യമായ അവശ്യ സാധനങ്ങൾ പരസ്യ വിപണിയിൽ ലഭിക്കുന്നതിനെക്കാൾ വില കുറച്ച് വർഷം മുഴുവൻ ലഭ്യമാക്കാൻ വേണ്ടി സ്ഥാപിതമായ സപ്ളൈകോ ഇപ്പോൾ പ്രസ്തുത ലക്ഷ്യം പൂർണമായും നിറവേറ്റുന്നുണ്ടോ എന്നു സംശയമാണ്. സപ്ളൈകോ സ്റ്റോറുകളുടെ ഇപ്പോഴത്തെ കോലംകെട്ട രൂപം തന്നെയാണ് അതിന്റെ തെളിവ്. വിപണിയിൽ മത്സരം കനത്തതോടെ സപ്ളൈകോ വിലയെക്കാൾ കുറച്ച് പല സാധനങ്ങളും ലഭ്യമാകാൻ തുടങ്ങിയതും തിരിച്ചടിയായിട്ടുണ്ട്. വിപണിയിലെ ഗതിവിഗതികൾ കണ്ടറിഞ്ഞ് പ്രവർത്തന ശൈലിയിലും സമീപനത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാവുന്നില്ലെങ്കിൽ സ്ഥിതി ഇനിയും കൂടുതൽ മോശമാകാനാണ് സാദ്ധ്യത.
ശർക്കരക്കുടം കണ്ടാൽ കൈയിട്ടു വാരാത്തവരില്ല എന്നു പറഞ്ഞതുപോലെയാണ് സപ്ളൈകോ ബസാറുകളിലെ സ്ഥിതി. സ്ഥാപനത്തെ ഇപ്പോഴത്തെ ദുർഗതിയിലാക്കിയതിനു പിന്നിൽ ജീവനക്കാരിൽ ഒരു വിഭാഗത്തിനുള്ള പങ്ക് തള്ളിക്കളയാനാവില്ല. നാലായിരത്തിഅഞ്ഞൂറോളം വരുന്ന ജീവനക്കാരിൽ നന്നേ കുറച്ചുപേരുടെ ദുഷ്ചെയ്തികൾക്ക് സ്ഥാപനം അപ്പാടെ പ്രതിക്കൂട്ടിലാകേണ്ട സ്ഥിതിയാണ് വന്നുചേർന്നത്. സപ്ളൈകോ ഇതര സംസ്ഥാന സർക്കാരുകൾ അതിശയത്തോടെ വീക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നാലര പതിറ്റാണ്ടുകൊണ്ട് അഞ്ച് മേഖലാ ഓഫീസുകളും പതിനാലു ജില്ലാ ഡിപ്പോകളും 56 താലൂക്ക് ഡിപ്പോകളും ആയിരത്തി അഞ്ഞൂറോളം ചില്ലറ വില്പനശാലകളുമായി വളർന്ന സപ്ളൈകോ ശക്തമായി നിലനിൽക്കേണ്ടതും ഇനിയും വളരേണ്ടതും സംസ്ഥാനത്തെ സാധാരണക്കാരായ ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ ആവശ്യമാണ്. ഭക്ഷ്യവകുപ്പിന്റെ അതിശക്തമായ ഇടപെടലുകൾ കൊണ്ടേ അതു സാദ്ധ്യമാകൂ. ഇപ്പോഴത്തെ പരിശോധനയിൽ കണ്ടെത്തിയ പിഴവുകൾ ശാശ്വതമായി ഇല്ലാതാക്കാൻ വഴി തേടണം. വിജിലൻസ് പ്രവർത്തനം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്. സത്യസന്ധരും അഴിമതിക്കു വഴിപ്പെടാത്തവരുമായിരിക്കണം വിജിലൻസ് ടീമിൽ ഉൾപ്പെടേണ്ടത്. സർക്കാർ സ്ഥാപനമല്ലേ എത്രയൊക്കെ നഷ്ടമുണ്ടാക്കിയാലും നിലനിന്നു പോകും എന്ന വിശ്വാസത്തോടെ കഴിയുന്നവർ സ്ഥാപനത്തിൽ ധാരാളമുണ്ടാകും. എന്നാൽ ജനങ്ങളുടെ നികുതിപ്പണമാണ് വെട്ടിപ്പിലും തട്ടിപ്പിലുമായി ഒഴുകിപ്പോകുന്നതെന്ന വസ്തുത മറന്നു കൂടാത്തതാണ്. വെട്ടിപ്പുകാർക്കും തട്ടിപ്പുകാർക്കും പുറത്താണ് സ്ഥാനം എന്ന് ബോദ്ധ്യപ്പെടുത്താൻ ഒട്ടും അമാന്തം കാണിക്കരുത്.