panniyan-raveendran

തിരുവനന്തപുരം: 'രാഹുൽഗാന്ധിയെ ഞങ്ങളെന്തിന് ഭയക്കണം, എൽ.ഡി.എഫിന് രാഹുലിനെ ഒട്ടും ഭയമില്ല, കോൺഗ്രസിന് അവരുടെ നേതാവിനെ സ്വന്തം മണ്ഡലത്തിൽ ജയിപ്പിക്കാൻ ആത്മവിശ്വാസമില്ല എന്ന സന്ദേശമാണ് വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് നൽകുന്നത്'- സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്ര് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എന്ന പാർട്ടിയുടെ ബലത്തിൽ ജയിച്ചു കയറേണ്ട ഗതികേട് ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാക്കുന്ന പ്രത്യാഘാതമെന്തെന്ന് അവർ ചിന്തിക്കേണ്ട കാര്യമാണ്. ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തിൽ നിന്ന് ഇടതുപക്ഷത്തെ തോല്പിച്ച് പാർലമെന്റിൽ എത്തണമെന്ന നിർബന്ധ ബുദ്ധിയോടെയുള്ള രാഹുൽഗാന്ധിയുടെ ശ്രമത്തിന്റെ അ‌ർത്ഥമെന്താണ്? കോൺഗ്രസിന് ഒറ്രയ്ക്ക് ജയിച്ച് പാർലമെന്റിൽ എത്തണം. അതൊരിക്കലും നടക്കില്ല. രാഹുൽ വരുന്നത് ഇടതുപക്ഷത്തിന് നല്ലതാണ്. രാഹുൽ വന്നാൽ കോൺഗ്രസിന്റെ എല്ലാ രാഷ്ട്രീയ സമീപനങ്ങളും ജനങ്ങൾക്ക് മനസിലാകും. പന്ന്യൻ രവീന്ദ്രൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

തെറ്റായ സന്ദേശം

അമേതിയിൽ പരാജയ ഭീതിമൂലം രാഹുൽ ഗാന്ധി കേരളത്തിൽ വന്നതാണെന്ന പ്രചാരണത്തിന്റെ നേട്ടം ദേശീയ തലത്തിൽ ബി.ജെ.പിക്കാണ് ലഭിക്കുക. മതനിരപേക്ഷത സംരക്ഷിക്കേണ്ട കോൺഗ്രസിന്റെ അദ്ധ്യക്ഷൻ മതനിരപേക്ഷത പാലിക്കുന്ന ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തിൽ വന്ന് മത്സരിക്കുന്നത് തെറ്രായ സന്ദേശമാണ് നൽകുക.

കേരളത്തിൽ 15 സീറ്ര്

കേരളത്തിൽ എൽ.‌ഡി.എഫിന് പതിനഞ്ച് സീറ്ര് കിട്ടും. നിയമസഭാ തിര‌ഞ്ഞെടുപ്പുകൾക്ക് ശേഷവും ചെറുകക്ഷികൾ മുഴുവനായും ഭാഗികമായും ഇടതുമുന്നണിയിലേക്ക് വരികയാണ്. എൽ.ഡി.എഫിനെ തോല്പിക്കാൻ രാഹുലിനെ കെട്ടിയിറക്കേണ്ടിവരുന്ന കോൺഗ്രസ് നേതാക്കന്മാർ അല്പജ്ഞാനികളാണ്. ഇടതുപക്ഷത്തെ തോല്പിക്കാൻ രാഹുൽ ഗാന്ധിയെ കൊണ്ടുവരേണ്ടിവന്നു എന്നല്ലേ ഇത് തെളിയിക്കുന്നത്. ബി.ജെ.പിയുമായി കോൺഗ്രസ് നേരിട്ട് പോരാടുന്ന സംസ്ഥാനങ്ങളിൽ രാഹുലിനെ മത്സരിപ്പിക്കാമായിരുന്നല്ലോ.

ബി.ജെ.പിക്ക് 200, കോൺഗ്രസിന് 150

ഇനി ഇന്ത്യയിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച് അധികാരം പിടിക്കാനാകില്ല. ഐക്യമുന്നണികൾക്ക് മാത്രമേ ഇനി രാജ്യം ഭരിക്കാൻ കഴിയൂ. ബി.ജെ.പി ക്ക് 200 സീറ്രേ കിട്ടൂ. കോൺഗ്രസിന് പരമാവധി 150 സീറ്റും. ബി.ജെ.പിയെ ഒഴിവാക്കി പ്രാദേശിക കക്ഷികളുടെ പങ്കാളിത്തത്തോടെയുള്ള സർക്കാരേ ഇന്ത്യയിൽ അധികാരത്തിൽ വരൂ. ഇതിൽ ആരൊക്കെ വേണമെന്ന് തിരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കാൻ കഴിയൂ. കോൺഗ്രസ് അതിൽ ഉണ്ടാകുമെന്നോ പാടില്ലെന്നോ ഇപ്പോൾ പറയാൻ കഴിയില്ല. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള സർക്കാരായിരിക്കും രൂപീകരിക്കുക. ബി.ജെ.പി തോൽക്കണം എന്ന കാര്യത്തിൽ രാജ്യത്ത് പൊതുമനസ് ആണുള്ളത്. ബി.ജെ.പി വീണ്ടും അധികാരത്തിലേറുകയാണെങ്കിൽ രാജ്യത്ത് പിന്നെ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല. ഇത് വലിയ ഭീഷണിയാണ്. ബി.ജെ.പി നേതാവായ സാക്ഷി മഹാരാജ് തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.