photo

നെടുമങ്ങാട്: ദൈവം കനിഞ്ഞാലും പൂജാരി പ്രസാദിക്കില്ലെന്ന അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിലെ എം പാനൽ ജീവനക്കാരും അവരുടെ കുടുംബങ്ങളും. സർക്കാർ സഹായത്തോടെ വീണ്ടും ജോലിയിൽ പ്രവേശിച്ച എംപാനൽ കണ്ടക്ടർമാരുടെ ജോലി സ്ഥിരം ജീവനക്കാർക്ക് വീതിച്ചു നല്കി ഡിപ്പോ അധികൃതർ അവഗണിക്കുന്നുവെന്നാണ് പരാതി.

എന്നാൽ, ലാഭകരമല്ലാത്ത സർവീസുകൾ ഓപ്പറേറ്റ് ചെയ്യേണ്ടെന്ന സർക്കാർ നിർദ്ദേശമുള്ളതിനാലാണ് മുഴുവൻ എംപാനൽ ജീവനക്കാരെയും ഡ്യൂട്ടിക്ക് നിയോഗിക്കാൻ കഴിയാത്തതെന്ന നിലപാടിലാണ് ഡിപ്പോ അധികൃതർ. നിലവിൽ സ്ഥിരം ജീവനക്കാരായ ഡ്രൈവർമാർക്കും മെക്കാനിക്കൽ സ്റ്റാഫുകൾക്കും കണ്ടക്ടർ ജോലി വീതിച്ചു നല്കുകയാണ് ചെയ്യുന്നത്. ഡ്രൈവർ കം കണ്ടക്ടർ (ഡിസി) യോഗ്യതയുള്ളവരെ നിർബന്ധിച്ച് കണ്ടക്ടർ ജോലിക്കായി അയയ്ക്കുകയാണ്. നിലവിൽ ഡിപ്പോയിൽ ഡിസി യോഗ്യതലുള്ള പന്ത്രണ്ടിലധികം പോരാണ് ഉള്ളത്. കോടതി ഉത്തരവിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട എംപാനലുകാർ സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ പതിനെട്ടു മുതലാണ് വീണ്ടും ജോലിക്കെത്തി തുടങ്ങിയത്‌. അന്നു മുതൽ അനാവശ്യ ഇടപെടൽ നിമിത്തം ജോലിയില്ലാതെ വീണ്ടും നട്ടം തിരിയുകയാണ് എം പാനലുകാർ. അധികൃതരുടെ നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്നും തൊഴിൽ നിഷേധത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

എംപാനുകാരെ നോക്കുകുത്തികളാക്കി അധികൃതർ

സ്ഥിരം ജീവനക്കാർക്ക് ഏത് ജോലിചെയ്താലും സർവീസ് അനുസരിച്ചുള്ള ശമ്പളം ലഭിക്കും. പിന്നീട് വരുന്ന ഒരോ ഡൂട്ടിയും ഓവർടൈം ആയി കണക്കാക്കി അധിക ശമ്പളം നൽകുകയാണ്. എന്നാൽ എംപാനൽ ജീവനക്കാർക്ക് ഒരു സർവീസ് നടത്തിയാൽ 480 രൂപയാണ് കിട്ടുന്നത്. ഈ തുകയ്ക്ക് ജോലിചെയ്യാൻ എംപാനലുകാർ കാത്തുനിൽക്കുമ്പോഴാണ് അധിക ശമ്പളം നൽകി സ്ഥിരം ജീവനക്കാരെ ജോലിക്ക് അയയ്ക്കുന്നത്. ഡ്യൂട്ടി പ്രതീക്ഷിച്ച് ഡിപ്പോയിലെത്തുന്ന ജീവനക്കാരെ നോക്കുകുത്തികളാക്കി ഡിസി ക്കാർക്ക് ഉദ്യോഗസ്ഥർ ഡ്യൂട്ടി വീതിച്ചുനൽകും. ഒരു ഡ്യൂട്ടി പോലും ലഭിച്ചില്ലെങ്കിൽ എംപാനൽകാർക്ക് ശമ്പളവും ലഭിക്കില്ല. എന്നാൽ ദീർഘദൂരം സർവീസുകളിൽ മാത്രമേ ഡിസി ജീവനക്കാരെ നിയോഗിക്കാവു എന്ന വ്യവസ്ഥയും ഇവിടെ ലംഘിക്കുന്നാതയും പരാതിയുണ്ട്.

*നെടുമങ്ങാട് ഡിപ്പോയിൽ 39 കണ്ടക്ടർമാർക്ക് ജോലിയില്ല

*കണ്ടക്ടർ ജോലി സ്ഥിരം ജീവനക്കാർക്ക് വീതിച്ചു നൽകുന്നു

*ലാഭകരമല്ലാത്ത സർവീസുകൾ വെട്ടിച്ചുരുക്കിയത് തിരിച്ചടി

പ്രതികരണം
-------------------

''എംപാനലുകാരുടെ പരാതി പരിഗണിക്കേണ്ടത് തന്നെയാണ്. എന്നാൽ, വേനലിലും വെക്കേഷൻ അവധിയും എത്തിയതോടെ നിരവധി ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണ്. കളക്ടീവല്ലാത്ത സർവീസ് ഓപ്പറേറ്റ് ചെയ്യാൻ കഴിയില്ല.നിലവിലെ സാഹചര്യത്തിൽ പരിമിതമായ അംഗങ്ങൾക്ക് മാത്രമേ ഡ്യൂട്ടി നൽകാൻ തരമുള്ളു. മറ്റു ഡിപ്പോകളിലും സമാനമായ സ്ഥിതിയാണ്''

---കെ.കെ. സുരേഷ്‌കുമാർ

(ഡി.ടി.ഒ, നെടുമങ്ങാട്)