atl26mc

ആറ്റിങ്ങൽ: ഏക മകളുടെ വിവാഹ ദിവസം അതേ പന്തലിൽ നിർദ്ധനരായ മൂന്ന് യുവതികളുടെ വിവാഹ സ്വപ്‌നം യാഥാർത്ഥ്യമാക്കി അവനവഞ്ചേരി സൗപർണികയിൽ ചന്ദ്രബോസ് - റീന ദമ്പതികൾ. ഇവരുടെ മകൾ ചന്ദ്രലേഖയും ശരത് കുമാറും തമ്മിലുള്ള വിവാഹം നടന്ന ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിലാണ് മറ്റ് മൂന്ന് യുവതികളുടെയും വിവാഹം നടന്നത്. മുദാക്കൽ പരമേശ്വരം സ്വദേശി ഗീതുവിനെ വെഞ്ഞാറമൂട് സ്വദേശി ബിജുവും, തോന്നയ്‌ക്കൽ സ്വദേശി രോഹിണിയെ നാവായിക്കുളം സ്വദേശി മണികണ്ഠനും, തൊപ്പിച്ചന്ത സ്വദേശി അഞ്ജുവിനെ പാരിപ്പള്ളി സ്വദേശി ഷൈബുവും താലി ചാർത്തി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം നിർദ്ധന യുവതികളുടെ വിവാഹം ചന്ദ്രബോസ് നവ മാദ്ധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. ലഭിച്ച അപേക്ഷകളിൽ നിന്നുമാണ് മൂന്ന് പേരെ തിരഞ്ഞെടുത്തത്. ഓരോ യുവതിക്കും 5 പവൻ സ്വർണവും വിവാഹ വസ്ത്രങ്ങളും നൽകി. സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും വ്യാപാരി വ്യവസായി സമിതി ഏരിയാസെക്രട്ടറിയുമാണ് ചന്ദ്രബോസ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. രാമു, ബി. സത്യൻ എം.എൽ.എ, നഗരസഭ ചെയർമാൻ എം. പ്രദീപ്, സി.പി.എം ഏരിയാസെക്രട്ടറി എസ്. ലെനിൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി. പാപ്പച്ചൻ എന്നിവർ പങ്കെടുത്തു. സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം. മുരളി ചടങ്ങുകൾക്ക് നേതൃത്വം നൽകി.