ബാലരാമപുരം: സഞ്ചാരികൾക്ക് വെല്ലുവിളിയായ ബാലരാമപുരം എരുത്താഴൂർ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരാമായി. രണ്ട് കിലോമീറ്ററോളം വൻ കുഴികളായി മാറിയ ബാലരാമപുരം -എരുത്താവൂർ റോഡിന്റെ മെയിന്റനെൻസ് ജോലികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. മരാമത്ത് വകുപ്പ് റോഡ് നവീകരണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചെങ്കിലും കരാറുകാർ തയാറാകാത്തതുകാരണം പണി തടസ്സപ്പെടുകയായിരുന്നു. നിർമ്മാണത്തിനുള്ള മെറ്റലും മറ്റും ഇറക്കിയെങ്കിലും റോഡിന്റെ കുഴിയടപ്പ് ജോലികൾ വീണ്ടും അനിശ്ചിതത്വത്തിലാകുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി പൊട്ടിപ്പൊളിഞ്ഞ റോഡിനെതിരെ വ്യാപക ആക്ഷേപമാണ് ഉയർന്നുവന്നത്. റോഡിന്റെ അറ്റകുറ്റപണികൾ എത്രയും വേഗം നടത്തിയില്ലായെങ്കിൽ റോഡ് ഉപരോധം തുടങ്ങിയ പ്രക്ഷാപപരിപാടികളുമായി മുന്നോട്ടുപോകുമെന്ന നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്നാണ് കഴിഞ്ഞ ദിവസം പണികൾ ആരംഭിച്ചത്.
റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീതകരിച്ചതോടെ എം.എൽ.എ ഇടപെട്ട് പുതിയ കരാറുകാരൻ റോഡ് നവീകരിക്കാൻ തയാറായി. റോഡിന് വെല്ലുവിളിയുയർത്തിയ ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് മുൻവശം, തണ്ണിക്കുഴി വളവ്, തേമ്പാമുട്ടം റെയിവെക്രോസ് ജംഗ്ഷൻ, തേമ്പാമുട്ടം വയൽക്കര ആലിന് സമീപം, തലയൽ കെ.വി.എൽ.പി.എസിന് സമീപം, ചാനൽപ്പാലം ജംഗ്ഷന് സമീപം എന്നിവിടങ്ങളിലെ കുഴിയടപ്പ് ജോലികളാണ് നടന്നു വരുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ റോഡിലെ കുഴികളടച്ച് പണികൾ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരാറുകാരൻ അറിയിച്ചിരിക്കുന്നത്. കൊടും ചൂടുകാരണം ഗ്രാമീണറോഡുകളുടെ ടാറിംഗ് മിക്കതും തടസ്സപ്പെട്ടിരിക്കുകയാണ്.