തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നതിന് സി.പി.എം നിലപാടുമായി ബന്ധമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വയനാട് സീറ്റിൽ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാഹുൽ തന്നെയാണ്. രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വിചിത്രമായ നിലപാടാണ് രാഹുലിന്റെ കാര്യത്തിൽ സി.പി.എം സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ദേശീയസത്ത രാഹുൽ ഉൾക്കൊണ്ടില്ലെന്ന് പറയുന്ന പിണറായി വിജയൻ എന്താണ് ആ സത്തയെന്ന് വിശദീകരിക്കണം. ഏതെങ്കിലും കാലത്ത് അദ്ദേഹം കോൺഗ്രസിനെ അംഗീകരിച്ചിട്ടുണ്ടോ? ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒറ്റപ്പെട്ട രാഷ്ട്രീയപ്പാർട്ടിയാണ് സി.പി.എം. ഒരു മുന്നണിയുടെയും ഭാഗമല്ല. വിശാല മതേതരവേദിയെന്ന ആവശ്യം വന്നപ്പോൾ പാലം പൊളിക്കാൻ നിന്നയാളാണ് പിണറായി വിജയൻ.
സ്ഥാനമാനങ്ങൾ പങ്കുവയ്ക്കാനോ, വോട്ട് പങ്കുവയ്ക്കാനോ അല്ലാതെ മോദിക്കെതിരായ സമരത്തിൽ ആശയപരമായി ഒരുമിച്ച് നിൽക്കാൻ താൻ പറഞ്ഞപ്പോൾ തന്റെ പാർട്ടിക്കാരും സി.പി.എമ്മുകാരും ഒറ്റപ്പെടുത്താനാണ് നോക്കിയത്. രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന ചർച്ച വന്നപ്പോൾ അമേതിയിൽനിന്ന് ഭയന്നോടുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് സംഘപരിവാർ മനസായതുകൊണ്ടാണ്. വർദ്ധിതഭൂരിപക്ഷത്തോടെ രാഹുൽ അമേതിയിൽ ജയിച്ചുവരും. കേരളത്തിലെ കോൺഗ്രസും ഘടകകക്ഷികളും ഏകകണ്ഠമായാണ് രാഹുലിനോട് വയനാട്ടിൽ മത്സരിക്കാനാവശ്യപ്പെട്ടത്.
രാഹുൽ ഇവിടെ നിന്ന് മത്സരിക്കണമെന്ന ആവശ്യം മുമ്പുമുയർന്നതാണ്. ഇതുമായി ബന്ധപ്പെട്ടിപ്പോൾ പി.സി. ചാക്കോ പറഞ്ഞതിനെക്കുറിച്ച് തനിക്കറിയില്ല. വടകരയിലെ സ്ഥാനാർത്ഥിത്വം ഉടൻ പ്രഖ്യാപിക്കും. അവിടെ പ്രചാരണവുമായി സ്ഥാനാർത്ഥി മുന്നോട്ട് പോകുന്നു.
വയനാട്ടിൽ സിദ്ദിഖ് പിന്മാറിയെന്ന് പ്രഖ്യാപിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ, അതിന്റെ അർത്ഥം മനസിലാവുന്നില്ലെന്നും എ.ഐ.സി.സി തീരുമാനത്തിനപ്പുറം ആർക്കും മറ്റൊന്നും തീരുമാനിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.