തിരുവനന്തപുരം: അദ്ധ്യാപകർ മൂല്യനിർണയ ക്യാമ്പ് ബഹിഷ്‌കരിക്കുന്നതിനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു.
അദ്ധ്യാപകർ പ്ലസ്ടു കുട്ടികളുടെ പരീക്ഷാ പരിശോധനയിൽ നിന്ന് സമരത്തിന്റെ ഭാഗമായി മാറി നിൽക്കുന്നത് ആർ.ടി.ഇ. ആക്ടിലെ 24-ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. സമരാഹ്വാനം നൽകിയവർക്കെതിരെ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചെയർമാൻ പി. സുരേഷ് സ്വമേധയാ കേസെടുത്തു. പ്ലസ്ടു കഴിഞ്ഞ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി മൂല്യനിർണയം വളരെ വേഗം നടത്തേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷാഫലം നേരത്തെ വരികയും കേരളത്തിൽ വൈകുകയും ചെയ്യുന്നത് കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങൾക്ക് പ്രയാസം സൃഷ്ടിക്കും. ഉത്തരക്കടലാസ് പരിശോധിക്കുകയെന്ന പാവനമായ കർത്തവ്യത്തെ സമരായുധമാക്കി മാറ്റുന്നത് നിയമവിരുദ്ധവും ധാർമ്മികതയ്ക്ക് നിരക്കാത്തതുമാണ്. കുട്ടികളിൽ ഭാവിയെ സംബന്ധിച്ച് അനാവശ്യമായ ഉത്കണ്ഠ ഉളവാക്കുന്ന ഈ സമരമുറ അത്യന്തം അപലപനീയമാണെന്നും കമ്മിഷൻ പറഞ്ഞു.