തിരുവനന്തപുരം: കുട്ടികൾക്ക് സുരക്ഷിത യാത്രയൊരുക്കുന്നതിന് പുതിയ നിർദ്ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ.
13 വയസിന് താഴെയുള്ള കുട്ടികളെ സീറ്റ് ബെൽറ്റ് നിർബന്ധമുള്ള യാത്രാ വാഹനങ്ങളുടെ പിൻസീറ്റിലിരുത്തണമെന്നാണ് നിർദ്ദേശം. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിബാലയുടെയും അപകട മരണത്തെ തുടർന്ന് കമ്മിഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി.
പ്രത്യേകം സുരക്ഷാസീറ്റില്ലാത്തത് കാരണം കുഞ്ഞുങ്ങളുടെ മരണത്തിനോ ഗുരുതര പരിക്കിനോ കാരണമാകുമെന്ന് കമ്മിഷൻ നിരീക്ഷിച്ചു. അമേരിക്കൻ അക്കാഡമി ഒഫ് പീഡിയാട്രീഷ്യൻസ് നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഇവിടെയും പാലിക്കണം. സീറ്റ് ബെൽറ്റ് ധരിച്ച കാറിൽ എയർബാഗ് കൂടിയുണ്ടെങ്കിലേ മികച്ച സുരക്ഷ ഉറപ്പാക്കാനാകൂ. കുട്ടികളെ മുന്നിലിരുത്തിയാൽ അപകടസമയത്ത് വിടരുന്ന എയർബാഗിനും മുൻസീറ്റ് യാത്രക്കാരനുമിടയിൽപ്പെട്ട് മരിക്കാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് നിർമ്മാതക്കൾ വാഹനങ്ങളിൽ ബേബി സീറ്റ് ഘടിപ്പിക്കണമെന്ന് നിർദ്ദേശവുമുണ്ട്.
ചട്ടങ്ങളിൽ ഭേദഗതി വേണം
കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷിതമായ സീറ്റിംഗ് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവുകളിൽ വ്യക്തതയില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കായി ബേബി സീറ്റ് ഘടിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും നിർദ്ദേശിച്ചു. അപകടങ്ങളൊഴിവാക്കാൻ ബോധവത്കരണം നടത്താൻ ഗതാഗത കമ്മിഷണറും വനിത - ശിശു വികസന വകുപ്പും നടപടിയെടുക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
ബേബി സീറ്റ്
ഇന്ത്യയിൽ ചൈൽഡ് സീറ്റുകൾ ഉപയോഗിക്കുന്നവർ വിരളമാണ്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിൽ ഇത് നിർബന്ധമാണ്. പിൻസീറ്റിന്റെ മദ്ധ്യഭാഗത്തായി പിന്നിലേക്ക് അഭിമുഖമായി വരത്തക്ക വിധത്തിലാണ് ഇവ ഘടിപ്പിക്കുന്നത്. കുട്ടികളുടെ പ്രായത്തിനനുസരിച്ച് 5000 രൂപ മുതൽ പല വലിപ്പത്തിലുള്ള ചൈൽഡ് സീറ്റുകൾ വിപണിയിലുണ്ട്.