വർക്കല: റോഡിനിരുവശവും കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനായി ആരംഭിച്ച പണി നാട്ടുകാർക്ക് ദുരിതമായി. വർക്കല നഗരസഭയിലെ പുത്തൻചന്ത പാലം മുതൽ ചിലക്കൂർ ചുമടുതാങ്ങി മില്ലുമുക്കു വരെയുളള റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യാനായി തുടങ്ങിയ ജോലിയാണ് നാട്ടുകാർക്ക് കുരിശായത്. റോഡിനിരുവശവും മൂന്ന് മീറ്റർ വരെ വീതിയിലും ഒരടി താഴ്ചയിലും വെട്ടിക്കുഴിച്ച ശേഷം കരാറുകാരൻ പണി നിർത്തിയതോടെയാണ് അളിക്കാനും മൂടാനും പറ്റാത്ത അവസ്ഥയിലായത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഇരുവശവും വെട്ടിക്കുഴിച്ചിട്ട നിലയിൽ കിടക്കുന്ന ഈ റോഡിലെ യാത്ര നാട്ടുകാർക്ക് ദുരിതപൂർണമായിരിക്കുകയാണ്. മദ്ധ്യത്ത് റോഡും ഇരുവശവും കുഴിയുമായി കിടക്കുന്ന റോഡിൽ ഇതിനകം നിരവധി അപകടങ്ങളും ഉണ്ടായി. സർവീസ് ബസ് ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിൽ കാൽനടക്കാർക്ക് കടന്നുപോകാനാവാത്ത അവസ്ഥയാണ്.
മണ്ണ്മാന്തിയുപയോഗിച്ച് റോഡിനിരുവശവും കുഴിച്ചിട്ട ശേഷം കരാറുകാരൻ പണി നിർത്തി വച്ചു. കുഴിച്ചെടുത്ത മണ്ണ് മുഴുവൻ കടത്തി കൊണ്ടു പോവുകയും ചെയ്തു. ഉടൻ കോൺക്രീറ്ര് ചെയ്യുമെന്ന ഉറപ്പിലാണ് റോഡ് കുഴിച്ചത്. കോൺക്രീറ്റ് ആരംഭിച്ചെങ്കിലും പണി പൂർത്തിയായില്ല. ഇതോടെ നാട്ടുകാർ ദുരിതത്തിലായി. എത്രയും വേഗം പണി പൂർത്തിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.