നെടുമങ്ങാട്: അരുവിക്കര ജലസംഭരണിയിൽ വിലക്ക് ലംഘിച്ചുള്ള സന്ദർശകരുടെ കുളി അപായഭീതി പരത്തുന്നു. വേനൽ കടുത്തതോടെയാണ് ഡാമിലെ ഏറെ അപകടം നിറഞ്ഞ സ്ഥലത്തെ കുളി പതിവായിരിക്കുന്നത്. ബലി മണ്ഡപത്തിനോട് ചേർന്ന് തുറസായി കിടക്കുന്ന ഭാഗം വഴി വാട്ടർ അതോറിട്ടി ജീവനക്കാർക്ക് സ്പിൽവേയിലും ഷട്ടറുകളിലും മറ്റും അറ്റകുറ്റപ്പണി നടത്താൻ കോൺക്രീറ്റ് പാത നിർമ്മിച്ചിട്ടുണ്ട്. പാറക്കെട്ടിനോട് ചേർന്നുള്ള ഈ ഭാഗത്ത് നല്ല വഴുക്കലുണ്ട്. കുളിക്കാൻ ഇറങ്ങുമ്പോൾ കാൽ തെന്നിയാൽ കയത്തിൽ വീഴും. പരിചയമില്ലാത്തവർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. ഇവിടെ മതിയായ സുരക്ഷാവേലിയും സ്ഥാപിച്ചിട്ടില്ല. അപായസൂചന ബോർഡ് നാട്ടിയിട്ടുണ്ടെങ്കിലും ഇതുവഴി ആർക്കു വേണമെങ്കിലും ജലസംഭരണിക്കുള്ളിലേക്ക് പ്രവേശിക്കാമെന്ന അവസ്ഥയാണ്. കുട്ടികളടക്കമുള്ള നിരവധി വിനോദസഞ്ചാരികളും തദ്ദേശീയരും ജലസംഭരണിക്കു മുന്നിലെ ബലിമണ്ഡപത്തിൽ വിശ്രമിക്കാൻ ദിവസവും എത്താറുണ്ട്. ദുരന്തത്തിനു കാത്തിരിക്കാതെ അടിയന്തരമായി ഇവിടെ സുരക്ഷാവേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡാം സുരക്ഷാ അതോറിട്ടി ഉദ്യോഗസ്ഥർ അറിയിച്ചു.