drug

തിരുവനന്തപുരം: ഹാഷിഷും കഞ്ചാവുമൊക്കെ കടത്താൻ മാഫിയ ഉപയോഗിക്കുന്നത് കോഡ് ഭാഷ. പണം കൈമാറുന്നത് ഹവാല ഇടപാട് വഴി. കഴിഞ്ഞയാഴ്ച 13 കോടിയുടെ ഹാഷിഷുമായി പിടിയിലായ അഞ്ചംഗ സംഘത്തെ എക്സൈസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. ലഹരി ബിസിനസിൽ കൂട്ടാളികളായവരുടെ പേരോ ഫോൺ നമ്പരോ പരസ്പരം അറിയാത്ത വിധമാണ് സംഘത്തിന്റെ ഓപ്പറേഷൻ. ലഹരി കടത്തിലെ കാരിയറായി പ്രവർത്തിക്കുന്നവർക്ക് തികച്ചും അജ്ഞാതരാണ് മയക്കുമരുന്ന് മാഫിയ തലവൻമാർ. ഇടപാടുകാർ നിയോഗിച്ചയാളുകളാണെന്ന് ഉറപ്പാക്കി ഊരോ പേരോ അന്വേഷിക്കാതെ പണം കൈപ്പറ്റി സാധനം കൈമാറുന്നതാണ് രീതി. ആരെങ്കിലും പിടിക്കപ്പെട്ടാലും ഉറവിടത്തിലേക്ക് പൊലീസിന്റെയോ എക്സൈസിന്റെയോ അന്വേഷണം നീളാതിരിക്കാനുള്ള തന്ത്രമാണിത്.

തലസ്ഥാനത്ത് പിടിയിലായ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ ഷഫീഖ്, സാജൻ എന്നിവർ കാരിയർമാരായി പ്രവർത്തിച്ചവരാണ്. ചെന്തിട്ടയിലുള്ള മയക്കുമരുന്ന് വ്യാപാരി നി‌ദേശിച്ച പ്രകാരം അയാളുടെ ഫോണുമായി ഇടുക്കിയിലെത്തി ആന്ധ്ര സ്വദേശി റാം ബാബു, ഇടുക്കി സ്വദേശികളായ അനിൽ, ബാബു എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് പണം കൈമാറി ഇന്നോവ കാറിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ച ഹാഷിഷുമായി വരും വഴിയാണ് ഇവർ പിടിയിലായത്. റാംബാബുവും സംഘവും സഞ്ചരിച്ച വാഹനം ബ്രേക്ക് ഡൗണായി വഴിയിൽ കിടന്നതിനാലാണ് ഇന്നോവയിൽ ഇവരും കയറാനിടയായത്. റാംബാബുവും സംഘവും റോഡിൽ വച്ച് കൈമാറിയ പായ്ക്കറ്റുകളെന്നതിനപ്പുറം ഹാഷിഷിന്റെ ഉറവിടത്തെപ്പറ്റി യാതൊന്നും കാരിയർമാർക്കറിയില്ല.

20 കിലോ ഹാഷിഷാണ് ആന്ധ്രയിൽ നിന്ന് റാംബാബു കേരളത്തിലെത്തിച്ചത്. ഇതിൽ അഞ്ച് കിലോ മൂന്നുംരണ്ടും വീതം രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് തവണയായി തലസ്ഥാനത്തെത്തിച്ച് ഇടനിലക്കാർ മുഖാന്തിരം മാലിയിലേക്ക് കടത്തി. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച്, പൊലീസിൽ നിന്ന് പിരിച്ചുവിട്ട കരിക്കകം സ്വദേശിയുൾപ്പെടെ വൻ സംഘം ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും എക്സൈസിന് വിവരം ലഭിച്ചു. വള്ളക്കടവ്, കവടിയാർ സ്വദേശികളായ കുപ്രസിദ്ധ കടത്തുകാരുടെ കൂട്ടാളികൾ വേറെയും. ഇവർ‌ക്കെല്ലാം സാധനം എത്തിച്ച് നൽകിയിരുന്നത് കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനായ മൂർഖൻ ഷാജിയുടെ സംഘത്തിലുൾപ്പെട്ടവരാണ്.

സകലതും കോഡ്

കഞ്ചാവിനും ഹാഷിഷിനുമൊപ്പം കൂട്ടാളികളെപ്പോലും കോഡിലൂടെയാണ് ഇവർ സൂചിപ്പിക്കുന്നത്. പിടികൂടിയ 13 കോടിയുടെ ഹാഷിഷിനെ പ്രതികളുടെ ഭാഷയിൽ അറിയുന്നത് 'കിലോ 13 പേരല്ലേ' എന്നാണ്. ട്രെയിനിലോ, ബസിലോ, കാറിലോ ആണ് ഇടപാടിനായി കാരിയർമാരെ അയയ്ക്കുന്നതെങ്കിൽ വാഹനത്തിന്റെ പേരാകും ഇവരുടെ കോഡ്. ചെന്നൈയ്ക്കുളള ട്രെയിനിലാണെങ്കിൽ ചെന്നൈ സൂപ്പറെന്നാകും കാരിയർ അറിയപ്പെടുക. നിയോഗിക്കുന്ന ആളുടെ ഫോണാകും കാരിയർക്ക് ഇടപാടിനായി നൽകുക. സാധനം സുരക്ഷിതമായി എത്തിച്ചാൽ പറഞ്ഞുറപ്പിച്ച പ്രതിഫലവുമായി കാരിയ‌ർക്ക് മടങ്ങാം.

പ്രതിഫലം അരലക്ഷംവരെ

ഒരു തവണ കടത്തുന്നതിന് അളവ് അനുസരിച്ച് പതിനായിരം മുതൽ അരലക്ഷം വരെയാണ് കാരിയർമാരുടെ പ്രതിഫലം. കോളേജ് വിദ്യാ‌ർത്ഥികളും വീട്ടമ്മമാരും റിട്ട. പൊലീസുകാരും വരെ മയക്കുമരുന്ന് കടത്ത് സംഘത്തിൽ കാരിയറായുണ്ട്. മാലിയിലേക്കാണ് തിരുവനന്തപുരത്ത് നിന്ന് ഏറ്റവുമധികം മയക്കു മരുന്ന് ഒഴുകുന്നത്. കാർഗോ സർവീസുകളുടെ സഹായത്തോടെ ഫുഡ് ഐറ്രം, തുണികൾ, ഡാൽഡ പോലുള്ള ഓയിലുകൾ തുടങ്ങിയവയെന്ന വ്യാജേനയാണ് കടത്ത്.

ഡോളറാണ് വിലയായി നൽകുക. മയക്കുമരുന്ന് ഇടപാടിന്റെ ലാഭത്തിനൊപ്പം ഡോളർ എക്സ്ചേഞ്ച് വഴിയും മയക്കുമരുന്ന് ലോബിയുടെ കീശ നിറയും. ഹാഷിഷ് കേസിന്റെ അന്വേഷണം അസി. എക്സൈസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുകയും കൂടുതൽ പേർ പിടിയിലാകുകയും ചെയ്യുന്നതോടെ കള്ളക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് കരുതുന്നത്.