വിതുര: മീനസൂര്യന്റെ കാഠിന്യം വനാന്തരങ്ങളിലേക്കും വ്യാപിച്ചതോടെ കാട്ടാനകൾ നാട്ടിലേക്കിറങ്ങി നാശം വിതയ്ക്കുന്നു.
വിതുര പഞ്ചായത്തിലെ ആദിവാസി മേഖലകളിലാണ് രണ്ടാഴ്ചയായി കാട്ടാനകൾ താണ്ഡവമാടുന്നത്. കൊടുംചൂട് മൂലം വനത്തിനകത്തെ ഇൗറ്റയും മറ്റും ഉണങ്ങി നശിച്ചതോടെ കാട്ടാനകൾ ആഹാരം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് വനപാലകർ പറയുന്നു. സമൃദ്ധമായി ഒഴുകിയിരുന്ന പുഴകളും അരുവികളും വറ്റി വരണ്ട് തീറ്റയും, വെള്ളവും മുടങ്ങിയതോടെയാണ് കാട്ടാനകൾ കാട് വിട്ട് നാട്ടിലും, ആദിവാസി മേഖലയിലും എത്തിയത്. വ്യാപകമായി കൃഷി നശിപ്പിച്ച ഇവ തെങ്ങുകൾ പിഴുതിട്ട് ഒാല തിന്നുകയും, വാഴകൃഷി തകർത്തെറിയുകയുമാണെന്ന് ആദിവാസികൾ പറയുന്നു. പേപ്പാറ ഡാമിൽ പകൽ സമയത്തുപോലും ആനകൾ വെള്ളം കുടിക്കാൻ എത്തുന്നുണ്ട്. ഇന്നലെ ഉച്ചയോടെ ആനപ്പാറ മണലിയിൽ കൂട്ടത്തോടെ ആനകൾ എത്തി മണിക്കൂറുകളോളം ഭീതി പരത്തി വിഹരിക്കുകയും, കൃഷി നശിപ്പിക്കുകയും ചെയ്തു. ആദിവാസികളും വനപാലകരും ഏറെ പണിപ്പെട്ടാണ് ആനകളെ തുരത്തിയത്. മണലിയിൽ നിന്നും പിൻവാങ്ങിയ ആനക്കൂട്ടം വൈകിട്ടോടെ മുല്ലമൂട് ആദിവാസി കോളനിയിലെത്തി ഭീതി പരത്തി. മൂന്ന് ദിവസമായി ഇൗ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്നും രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും ആദിവാസികൾ പറയുന്നു. പകൽ സമയത്തുപോലും കാട്ടാനകൾ നാട്ടിലിറങ്ങിയതോടെ നാട്ടുകാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
കാട്ടാനകൾ ഒാടിച്ചവർ രക്ഷപ്പെട്ടത് മരത്തിൽ കയറി
രണ്ട് ദിവസം മുൻപ് ആനപ്പാറ കൊങ്ങമരുതുംമൂട് ആദിവാസി ഉൗരിൽ നിന്നും വിതുരയിലേക്ക് സാധനങ്ങൾ വാങ്ങാൻ പുറപ്പെട്ട മൂന്ന് ആദിവാസി യുവാക്കൾ കാട്ടാനക്കൂട്ടത്തിൻെറ ആക്രമണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വഴി മദ്ധ്യേ ആനകൾ ഒാടിച്ചപ്പോൾ മൂന്ന് പേരും ഒാടി സമീപത്തുണ്ടായിരുന്ന കൂറ്റൻ മരത്തിൽ കയറി ഇരുന്നു. ആനകൾ മരത്തിൽ കുത്തുകയും, കുലുക്കുകയും, ചിന്നംവിളിക്കുകയും ചെയ്തു. ജീവൻ പണയം വച്ച് ഒന്നരമണിക്കൂറോളം മരത്തിലിരുന്ന യുവാക്കൾ കാട്ടാനകൾ പിൻവാങ്ങിയ ശേഷം രക്ഷപ്പെടുകയായിരുന്നു. മൂന്ന് ദിവസമായി ഇവിടെ കാട്ടാനകളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണെന്ന് ആദിവാസികൾ പറയുന്നു. പരീക്ഷയ്ക്ക് പുറപ്പെട്ട വിദ്യാർത്ഥികളെയും കാട്ടാനകൾ ഒാടിച്ച സംഭവം ഉണ്ടായി.
ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു
രണ്ടാഴ്ചയായി കാട്ടാന ശല്യം രൂക്ഷം
ഇന്നലെ ഉച്ചയോടെ ആനപ്പാറ മണലിയിൽ ആനകൾ കൂട്ടമായെത്തി