തിരുവനന്തപുരം: നവകേരള മിഷൻ കോ-ഓർഡിനേറ്ററായി കഴിഞ്ഞ വർഷം ജൂൺ 22ന് നിയമിതനായ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പിന് സെക്രട്ടേറിയറ്റിലെ ചുവപ്പുനാടയിൽ കുരുങ്ങി മുടങ്ങിപ്പോയ ശമ്പളം ഇനി കിട്ടും. സാങ്കേതിക തടസങ്ങൾ കാരണം ഒമ്പത് മാസമാണ് ശമ്പളം മുടങ്ങിയത്. തടസങ്ങൾ നീക്കി ആസൂത്രണ - സാമ്പത്തിക കാര്യവകുപ്പിന്റെ ഉത്തരവ് ഈ മാസം 22ന് പുറത്തിറങ്ങി.

പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ നിയമിതനായ ചെറിയാൻ ഫിലിപ്പിന് നിശ്ചയിച്ച മാസ ശമ്പളം 1,20,000രൂപയാണ്. യാത്രാബത്തയും സർക്കാർ ഗസ്റ്റ്ഹൗസുകളിലെയും റസ്റ്റ്ഹൗസുകളിലെയും താമസസൗകര്യവും ഗ്രേഡ് ഒന്ന് ഓഫീസർക്ക് തുല്യമായ നിലയിൽ ലഭിക്കും.

ഒമ്പത് മാസത്തെ ശമ്പളമായ 10.80ലക്ഷം രൂപയും ഈ കാലയളവിലെ യാത്രാബത്തയടക്കമുള്ള മറ്റ് അലവൻസുകളും ഒന്നിച്ച് ലഭിക്കും.

ഇടതുസർക്കാരിന്റെ സ്വപ്നപദ്ധതിയാണ് നവകേരള മിഷൻ. ലൈഫ് മിഷൻ, പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള ആർദ്രം മിഷൻ, പൊതുവിദ്യാലയ സംരക്ഷണം, ഹരിതകേരള മിഷൻ എന്നിവയാണ് നവകേരള മിഷൻ പദ്ധതികൾ. ഈ പദ്ധതികളുടെ ഏകോപനമാണ് ചെറിയാന്റെ ചുമതല. സെക്രട്ടേറിയറ്റിൽ നോർത്ത് ബ്ലോക്കിൽ താഴത്തെ നിലയിലാണ് ചെറിയാൻ ഫിലിപ്പിന്റെ ഓഫീസ്.