കൊല്ലം: ബീച്ചിൽ ഞായറാഴ്ച രാത്രി തിരയിൽപ്പെട്ട നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടിൽ സുനിൽ (23), ഭാര്യ ശാന്തിനി (19) എന്നിവരാണ് മരിച്ചത് . പരേതനായ ഗോപാലന്റെയും ഇന്ദിരയുടെയും മകനാണ് സുനിൽ. കൊട്ടിയം മഞ്ഞക്കുഴി ചരുവിള വീട്ടിൽ ശിവൻകുട്ടിയുടെയും ശകുന്തളയുടെയും മകളാണ് ശാന്തിനി.
ഇന്നലെ രാവിലെ 4.30 ഓടെ തങ്കശ്ശേരി പുലിമുട്ടിന്റെ പാറയിൽ ഉടക്കിയ നിലയിൽ ശാന്തിനിയുടെ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടത്. രണ്ടു മണിക്കൂറിനുശേഷം കുറച്ചകലെ സുനിലിന്റെ മൃതദേഹവും കണ്ടെത്തി. കോസ്റ്റൽ പൊലീസെത്തി മൃതദേഹങ്ങൾ കരയിലെത്തിച്ചു. സുനിലിന്റെയും ശാന്തിനിയുടെയും വീടുകളിൽ പ്രത്യേകം പൊതുദർശനത്തിന് വച്ചശേഷം പോളയത്തോട് ശ്മശാനത്തിൽ അടുത്തടുത്തായി ചിതയൊരുക്കി സംസ്കരിച്ചു.
അഞ്ചു മാസം മുമ്പാണ് സുനിലും ശാന്തിനിയും വിവാഹിതരായത്. പെരുമണിൽ സുനിലിന്റെ സഹോദരൻ അനിൽകുമാറിന്റെ ഭാര്യയുടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച ഇരുവരും പോയിരുന്നു. വൈകിട്ട് മങ്ങാടുള്ള വീട്ടിൽ വിരുന്ന് സത്കാരത്തിലും പങ്കെടുത്ത് മടങ്ങി വരുമ്പോഴാണ് ബന്ധുക്കൾക്കൊപ്പം ബീച്ചിലെത്തിയത്. യുവതി തിരയിൽ കാൽ നനയ്ക്കാൻ മുന്നോട്ട് നീങ്ങിയപ്പോൾ കാൽതെറ്റി വീഴുകയായിരുന്നു. രക്ഷിക്കാൻ മുന്നോട്ടാഞ്ഞ ഭർത്താവും തിരയിൽപ്പെട്ടു.