തിരുവനന്തപുരം: ധാക്ക തൊപ്പിയും പൂച്ചെണ്ടുമായി നേപ്പാൾ മുൻ പ്രധാനമന്ത്രിയും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാനുമായ ജാലാനാഥ് ഖനാൽ എത്തിയപ്പോൾ നിറപുഞ്ചിരിയോടെ വി.എസ്. അച്യുതാനന്ദൻ വരവേറ്റു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ചും പാർട്ടിയുടെ വിജയസാദ്ധ്യതയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ചെറുചിരിയോടെയായിരുന്നു വി.എസിന്റെ മറുപടി. ഇരു രാജ്യങ്ങളിലെയും പാർട്ടിയുടെ വളർച്ചയും പ്രവർത്തനവും പരസ്പരം പങ്കുവച്ചപ്പോൾ കണ്ടിരുന്നവർക്കും കൗതുകമായി. ഇന്നലെ വൈകിട്ട് പത്നി രവി ലക്ഷ്‌മീ ചിത്രകാർ, പാർട്ടി സെൻട്രൽ കമ്മിറ്റി അംഗം ദേവി പ്രസാദ് ഗ്യാവലി എന്നിവരോടൊപ്പമാണ് ഖനാൽ എത്തിയത്.
കവടിയാർ ഹൗസിൽ എത്തി വി.എസിനെ കണ്ടപ്പോൾ അടുത്തിരുന്ന് സംസാരിക്കണമെന്ന ആഗ്രഹം ഖനാൽ പ്രകടിപ്പിച്ചു. വി.എസിന്റെ തൊട്ടരികിൽ മകൻ അരുൺകുമാർ ഒരു കസേര തയ്യാറാക്കി ഖനാലിനെ ക്ഷണിച്ചു. നേപ്പാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ വളർച്ചയും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ലയിച്ച ശേഷം അവിടെ ഏഴിൽ ആറ് പ്രോവിൻസിലും 700 ലോക്കൽ ബോഡികളിലും അധികാരം നേടിയതും അടക്കമുള്ള കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. സമാനമായി സി.പി.എമ്മും സിപി.ഐ യും അടക്കമുള്ള ഇടതു പാർട്ടികളും ലയിച്ചുകൂടേയെന്ന് ചോദിച്ചപ്പോൾ ചിരിയായിരുന്നു വി.എസിന്റെ ആദ്യപ്രതികരണം. ചോദ്യം ആവർത്തിച്ചപ്പോൾ സമയമായിട്ടില്ലെന്നും, ഇരുപാർട്ടികളും ഇപ്പോൾ എൽ.ഡി.എഫ് എന്ന പ്ലാറ്റ് ഫോമിലാണ് പ്രവർത്തിക്കുന്നതെന്നും മറുപടി.
നേപ്പാളിന്റെ പരമ്പരാഗത തൊപ്പി വി.എസിനെ അണിയിച്ച് ഫോട്ടോയെടുത്ത ശേഷം അദ്ദേഹത്തെ നേപ്പാളിലേക്ക് ക്ഷണിക്കാനും മറന്നില്ല. ഇന്ത്യ -നേപ്പാൾ സൗഹൃദം തുടരട്ടെ എന്ന സന്ദേശം നേപ്പാൾ ജനതയെ അറിയിക്കാൻ വി.എസ് പറഞ്ഞു. സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖൻ എന്ന നിലയിൽ ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിലപാടുകളും ചോദിച്ചറിയാൻ അര മണിക്കൂറോളം ഖനാൽ അവിടെ ചെലവഴിച്ചു. കുറച്ചു ദിവസങ്ങൾ ചികിത്സാർത്ഥം ശാന്തിഗിരിയിൽ ഉണ്ടാകുമെന്നും വീണ്ടും കാണാമെന്നും പറഞ്ഞാണ് മടങ്ങിയത്. ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുമിത്രൻ, സ്വാമി ജനനന്മ, സ്വാമി സായൂജ്യനാഥ്, സബീർ തിരുമല എന്നിവരും ഖാനാലിനൊപ്പം ഉണ്ടായിരുന്നു.