sitaram-yechury-

തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികൾ 30ന് തുടങ്ങും. ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി 31ന് തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ നാല് പൊതുയോഗങ്ങളിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ ഒന്ന് മുതൽ 15 വരെ തുടർച്ചയായി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുമെത്തും. മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ ഏപ്രിൽ ഒന്നിനും 20നുമിടയിൽ 11 ദിവസം വിവിധ മണ്ഡലങ്ങളിലെത്തും. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തിന് ദിവസം ഒരു പരിപാടി വീതമാണ് നിശ്ചയിച്ചിട്ടുള്ളത്. ഏപ്രിൽ 8ന് മാത്രം രണ്ട് പരിപാടിയുണ്ട്. കോഴിക്കോടിനപ്പുറത്തേക്ക് വി.എസിന് പരിപാടി നിശ്ചയിച്ചിട്ടില്ല. പി. ജയരാജൻ മത്സരിക്കുന്ന വടകരയിലും വി.എസിന്റെ സാന്നിദ്ധ്യമുണ്ടാവില്ല.

യെച്ചൂരി ആദ്യഘട്ടത്തിൽ ഏപ്രിൽ രണ്ട് വരെയും രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 17 മുതൽ 20വരെയുമാണ് പര്യടനം നടത്തുക. പി.ബി അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, എസ്‌.രാമചന്ദ്രൻപിള്ള, ബൃന്ദാ കാരാട്ട്‌, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, സുഭാഷിണി അലി എന്നിവർക്ക് പുറമേ മന്ത്രിമാരും വിവിധ ജില്ലകളിൽ പര്യടനത്തിനെത്തും. കാരാട്ട് ഏപ്രിൽ 10 മുതൽ 18 വരെയും, ബൃന്ദ കാരാട്ട് ഏപ്രിൽ 8 മുതൽ 19 വരെയും, സുഭാഷിണി അലി 7 മുതൽ 19 വരെയും, എസ്. രാമചന്ദ്രൻ പിള്ള 1 മുതൽ 14 വരെയും, കോടിയേരി 2 മുതൽ 8 വരെയും, എം.എ. ബേബി 30 മുതൽ ഏപ്രിൽ 17 വരെയുമാണ് പര്യടനം നടത്തുക.