ജയ്‌പൂർ : കഴിഞ്ഞ രാത്രി ഐ.പി.എൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഇലവൻ ക്യാപ്ടൻ രവിചന്ദ്രൻ അശ്വിൻ രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ ജോസ് ബട്ട്‌ലറെ മങ്കാഡിംഗിലൂടെ റൺ ഔട്ടാക്കിയതിനെപ്പറ്റിയാണ് ക്രിക്കറ്റ് ലോകത്തെ ചർച്ചയെല്ലാം. അശ്വിൻ ചെയ്തത് ക്രിക്കറ്റ് നിയമപ്രകാരം ശരിയായിരിക്കാമെങ്കിലും സ്പോർട്സ്‌മാൻ സ്പിരിറ്റിന് നിരക്കുന്നതാണോ എന്നാണ് ചോദ്യം. റൺ ഔട്ടാക്കുന്നതിന് മുമ്പ് അശ്വിൻ ബട്ട്‌ലർക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല എന്നതും ചർച്ചാവിഷയമാണ്. അശ്വിന്റെ പ്രവൃത്തിയെ എതിർത്തും അനുകൂലിച്ചും നിരവധിപേരാണ് രംഗത്തു വന്നിരിക്കുന്നത്.
മത്സരശേഷം അശ്വിൻ തന്റെ ചെയ്തിയെ ന്യായീകരിച്ചു. ക്രിക്കറ്റ് നിയമപ്രകാരമാണ് താൻ ചെയ്തതെന്നായിരുന്നു അശ്വിന്റെ വാദം. അതേസമയം രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ അജിങ്ക്യ രഹാനെ സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല. വിവാദ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന സംഘാടകരുടെ ഗൈഡ് ലൈൻ അനുസരിച്ചാണ് രഹാനെ മൗനം പാലിച്ചത്. എന്നാൽ രാജസ്ഥാൻ റോയൽസ് മെന്റർ ഷേൻവാൺ, കോച്ച് പാഡി അപ്ടൺ, ബദീർ ജെഫ്രി അർച്ചർ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ ശക്തമായ വിമർശനവുമായി രംഗത്തുവന്നു. അശ്വിനെ ചതിയനെന്നും വഞ്ചകനെന്നുമൊക്കെ വിശേഷിപ്പിച്ചായിരുന്നു പല പോസ്റ്റുകളും. അശ്വിനെ അനുകൂലിച്ചും പലരും രംഗത്തെത്തി. ബി.സി.സി.ഐക്കുള്ളിലും ഇതുസംബന്ധിച്ച് രണ്ട് അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്.
സംഭവം ഇങ്ങനെ:
ജയ്‌പൂരിൽ പഞ്ചാബ് ഉയർത്തിയ 184/4 എന്ന സ്കോർ ചേസ് ചെയ്യാനിറങ്ങിയതാണ് രാജസ്ഥാൻ റോയൽസ്. നായകൻ രഹാനെ (27) എട്ടാം ഓവറിൽ പുറത്തായശേഷം ജോസ് ബട്ട്‌ലറും (69) സഞ്ജു സാംസണും (30) ചേർന്ന് രാജസ്ഥാനെ മുന്നോട്ടു നയിച്ചു. 43 പന്തുകളിൽ 10 ഫോറുകളും രണ്ട് സിക്സും പായിച്ച ബട്ട്‌ലർ മികച്ച ഫാമിൽ.
13-ാം ഓവറിൽ എറിയുന്നത് അശ്വിൻ. അഞ്ചാം പന്ത് അശ്വിൻ എറിയാൻ ഒരുങ്ങിയപ്പോഴേക്കും നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ബട്ട്‌ലർ ക്രീസ് വിട്ട് ഇറക്കിയിരുന്നു. ആക്ഷൻ പൂത്തിയാക്കും മുമ്പ് അശ്വിൻ നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപ് തട്ടിയിട്ടു. അമ്പയറായിരുന്ന മുൻ കേരള രഞ്ജി ക്യാപ്ടൻ കെ.എൻ. അനന്ത പത്മനാഭൻ ടി.വി അമ്പയർക്ക് വിട്ടു. ഇതിനിടയിൽ അശ്വിനും ബട്ട്‌ലറും തർക്കമായി. ടി.വി. അമ്പയർ ഔട്ട് വിളിച്ചു. തീരുമാനത്തിൽ കുപിതനായി മോശം വാക്കുകൾ ഉരുവിട്ടാണ് ബട്ട്‌ലർ കൂടാരം കയറിയത്. മത്സരശേഷം അശ്വിന് ഷേക്ക് ഹാൻഡ് നൽകാനും ബട്ട്‌ലർ തയ്യാറായില്ല.
നിർണായകമായത്
രാജസ്ഥാൻ ജയിക്കുമെന്ന് തോന്നിച്ചപ്പോഴാണ് ബട്ട്‌ലറുടെ പുറത്താകൽ. ഇതോടെ 108/1 എന്ന നിലയിൽ നിന്ന് 170/9 ലേക്ക് അവർ തകർന്നു. അവസാന നാലോവറിൽ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. മങ്കാഡിംഗിലൂടെ രാജസ്ഥാന് നഷ്ടമായത് മത്സരവിജയം തന്നെയായിരുന്നു. ഇതാണ് രാജസ്ഥാൻ ആരാധകരെ കൂടുതൽ പ്രകോപിപ്പിച്ചത്.
മങ്കാഡിംഗ് എന്നാൽ
ബൗളർ ആക്ഷൻ പൂർത്തിയാക്കും മുമ്പ് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ ബാറ്റ്‌സ്‌മാൻ ക്രീസ് വിട്ടിറങ്ങിയാൽ റൺ ഔട്ടാക്കുന്നതിനെയാണ് മങ്കാഡിംഗ് എന്ന് അറിയപ്പെടുന്നത്.
70 വർഷം മുമ്പ് ഇന്ത്യൻ ടെസ്റ്റ് താരം വിനു മങ്കാഡ് ആസ്ട്രേലിയൻ ബാറ്റ്സ്‌മാൻ ബിൽ ബ്രൗണിനെ രണ്ട് തവണ ഇത്തരത്തിൽ പുറത്താക്കിയതിന് ശേഷമാണ് ഈ രീതിയെ മങ്കാഡിംഗ് എന്ന് വിളിച്ചു തുടങ്ങിയത്.
നിയമപ്രകാരം ഔട്ടാക്കുന്നതിന് മുമ്പ് വാണിംഗ് നൽകേണ്ടതില്ലെങ്കിലും മര്യാദയുടെ ഭാഗമായി ബൗളർമാർ മുന്നറിയിപ്പ് നൽകാറുണ്ട്.
'ജെന്റിൽമാൻസ് ഗെയിം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിൽ എക്കാലവും വിവാദമുയർത്തിയിട്ടുള്ള പുറത്താക്കൽ രീതിയാണ് മങ്കാഡിംഗ്.
ബ്രാഡ്മാൻ പറഞ്ഞത്
1947ലെ പരമ്പരയിൽ ബിൽ ബ്രൗണിനെതിരായ മങ്കാഡിംഗ് വിവാദമായപ്പോൾ വിനു മങ്കാഡിന് അനുകൂലമായി രംഗത്തെത്തിയത് സാക്ഷാൽ ബ്രാഡ്‌മാനാണ്. ''ക്രിക്കറ്റ് നിയമപ്രകാരം ബൗളർ പന്തെറിയുമ്പൾ നോൺ സ്ട്രൈക്കർ ക്രീസിനുള്ളിലായിരിക്കണം. ബൗളിംഗിന് മുന്നേ ഓടാനിറങ്ങിയാൽ അത് ബാറ്റ്സ്‌മാന് കൂടുതൽ ആനുകൂല്യം ലഭിക്കുന്നതാകില്ലേ. അത് തടയാനാണ് റൺ ഔട്ടാക്കാൻ നിയമം വച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വിനു മങ്കാഡിനെതിരെ ഇത്ര രോഷം കൊള്ളേണ്ട ഒരു കാര്യവുമില്ല.'' എന്നാണ് ബ്രാഡ്മാൻ അന്ന് തന്നെ കോളത്തിൽ എഴുതിയത്.
എം.സി.സി നിയമം
ക്രിക്കറ്റ് നിയമങ്ങൾ ഉണ്ടാക്കുന്ന മെർലിബോൺ ക്രിക്കറ്റ് ക്ളബ് 2017ൽ കൊണ്ടുവന്ന പരിഷ്കാരം അനുസരിച്ച് ബൗളർ പന്ത് റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രമേ മങ്കാഡിംഗ് നടത്താൻ പാടുള്ളൂ. അശ്വിൻ ബട്ട്ലർ ക്രീസ് വിട്ടിറങ്ങാൻ കാത്തു നിന്ന ശേഷമാണ് ബെയിൽസ് തെറുപ്പിച്ചതെന്ന് ആരോപണമുണ്ട്.
ക്രിക്കറ്റിന് തന്നെ നാണക്കേടാണ് അശ്വിന്റെ പെരുമാറ്റം. ക്യാപ്ടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്തൊരു ദുരന്തമാണ് അശ്വിൻ. മനപൂർവം ബട്ട്‌ലറെ ഔട്ടാക്കാൻ കാത്തു നിൽക്കുകയായിരുന്നു അയാൾ. കളി ജയിക്കാൻ എന്ത് കുതന്ത്രവും സ്വീകരിക്കുന്നത് ശരിയല്ല.
ഷെയ്ൻ വാൺ
രാജസ്ഥാൻ ടീം മെന്റർ
ബട്ട്‌ലറെ മങ്കാഡിംഗ് നടത്തണമെന്ന് നേരത്തേ പ്ളാൻ ചെയ്തിരുന്നതല്ല. അന്നേരം തോന്നി ചെയ്തതാണ്. നിയമം അനുസരിച്ച് തന്നെയാണ് ചെയ്തത്. ഇതിൽ മത്സരത്തിന്റെ സ്പിരിറ്റിന് വിരുദ്ധമായി എന്താണുള്ളതെന്ന് അറിയില്ല. ബാറ്റ്സ്‌മാൻമാരും ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതല്ലേ.
രവിചന്ദ്രൻ അശ്വിൻ.
പെട്ടെന്ന് തോന്നി ചെയ്തതാണെന്ന അശ്വിന്റെ വാക്കുകൾ സത്യമാണെന്ന് കരുതുന്നില്ല. അവസരം കാത്തിരുന്നത് പോലെയായിരുന്നു അശ്വിന്റെ നടപടി. മുന്നറിയിപ്പ് നൽകിയെന്ന് അശ്വിൻ കള്ളം പറയുകയാണ്.
ഇ. പ്രസന്ന
മുൻ ഇന്ത്യൻ സ്പിന്നർ
ഐ.പി.എല്ലിൽ ആദ്യം
# ഐ.പി.എല്ലിൽ മങ്കാഡിംഗ് ഒഴിവാക്കണമെന്ന് മുമ്പ് ക്യാപ്ടൻമാരുടെയും ടീം മാനേജർമാരുടെയും മീറ്റിംഗിൽ തീരുമാനിച്ചിരുന്നതായി ഐ.പി.എൽ ചെയർമാൻ രാജീവ് ശുക്ള. ആ മീറ്റിംഗിൽ ധോണിയും കൊഹ്‌ലിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നതായും ശുക്ള പറഞ്ഞു.
2012
അശ്വിൻ ആദ്യമായി മങ്കാഡിംഗ് നടത്തുന്നത് 2012ൽ ശ്രീലങ്കയ്ക്കെതിരെയാണ്. അന്ന് ലങ്കൻ ബാറ്റ്സ്മാൻ ലാഹിരു തിരുമന്നെയെ വാണിംഗ് നൽകിയശേഷമാണ് പുറത്താക്കിയത്. എന്നാൽ അന്നത്തെ ഇന്ത്യൻ ക്യാപ്ടൻ വീരേന്ദ്രർ സെവാഗ് വിക്കറ്റ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
2014
ജോസ് ബട്ട്‌ലറെ ശ്രീലങ്കൻ ബൗളർ സചിത്ര സേനനായകെ മങ്കാഡിംഗിലൂടെ പുറത്താക്കിയിരുന്നു. അന്ന് തന്റെ പിഴവാണെന്ന് ബട്ട്‌ലർ സമ്മതിച്ചിരുന്നു.
2016
അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ രണ്ട് റൺസ് മാത്രം മതിയായിരിക്കേ വെസ്റ്റ് ഇൻഡീസ് ബൗളർ കീമോപോൾ അവസാന വിക്കറ്റ് വീഴ്ത്തിയത് മങ്കാഡിംഗിലൂടെ.
മാന്യനായ വാൽഷ്
1987 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന്റെ അവസാന പന്തിൽ മങ്കാഡിംഗിന് അവസരമുണ്ടായിട്ടും അത് വേണ്ടെന്ന് വച്ച മാന്യമാണ് കരീബിയൻ പേസർ കോട്‌നി വാൽഷ്. ആ മത്സരത്തിൽ അവസാന പന്തിൽ പാകിസ്ഥാൻ ജയിച്ചു.