ഉത്തരക്കടലാസുകൾ കാണാതായത് അന്വേഷിക്കാൻ രണ്ടംഗ സമിതി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ അപ്രത്യക്ഷമാക്കി, വേണ്ടപ്പെട്ട കുട്ടികൾക്ക് സ്പെഷ്യൽ പരീക്ഷ നടത്തുന്നതായി ആക്ഷേപം ഉയർന്നു. ബി.എ, ബിഎസ്.സി, എംഎസ്.സി ഫിസിക്സ്, ബി.ടെക്, സ്പീച്ച് ആൻഡ് ലാംഗ്വേജ്, ബാച്ചിലർ ഒഫ് ഡിസൈൻ വിഭാഗങ്ങളിൽപ്പെട്ട 45 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. കാര്യവട്ടം ഗവ. കോളേജ്, കാഞ്ഞിരംകുളം ഗവ.കോളേജ്, അമ്പലത്തറ നാഷണൽ കോളേജ്, ആലപ്പുഴ എസ്.ഡി കോളേജ്, രാജധാനി എൻജി. കോളേജ്,യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണിവ. ഈ ഉത്തരക്കടലാസുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് കൃത്യമായി സർവകലാശാലയിൽ എത്തിച്ചിരുന്നതായാണ് വിവരം. പിന്നെങ്ങനെ നഷ്ടപ്പെട്ടു എന്ന ചോദ്യം അവശേഷിക്കുന്നു. സംഭവം വിവാദമായതോടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ പരീക്ഷ കൺട്രോളറുടെ ചുമതലയുള്ള മിനി ഡിജോ കാപ്പൻ, പരീക്ഷ സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ പി.രാജേഷ് കുമാർ എന്നിവരെ പി.വി.സി നിയോഗിച്ചു.
ഉത്തരക്കടലാസുകൾ നഷ്ടമായതായി സർവകലാശാല സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ രഹസ്യമാക്കിവച്ചിരിക്കുകയാണ്. യൂണിവേഴ്സിറ്റി കോളേജ് ഹിന്ദി വിഭാഗത്തിൽനിന്ന് കാണാതായത് 15 ഉത്തരക്കടലാസുകൾ. 5 ബണ്ടിലുകളായി 694 ഉത്തരക്കടലാസുകൾ അയച്ചതിൽ പാർട്ട് രണ്ട് ഹിന്ദിയുടെ ഒരു ബണ്ടിലാണ് നഷ്ടമായത്. ഇതിനായി തെരച്ചിൽ നടത്തുന്നുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ തിരിച്ചുകിട്ടാൻ ഒരു സാദ്ധ്യതയും ഇല്ലെന്നും ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. ഇതിനിടെ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പരീക്ഷ നടത്തി മൂന്നു ദിവസത്തിനുള്ളിൽ ഫലം പ്രഖ്യാപിച്ചു. ശേഷിക്കുന്നവർക്കും ഉടനെ പ്രത്യേക പരീക്ഷ നടത്താനായിരുന്നു നീക്കം. എന്നാൽ, സ്പെഷ്യൽ പരീക്ഷ നടത്തണമെന്ന് പരീക്ഷാവിഭാഗത്തിന്റെ നിർദ്ദേശം അടുത്ത സിൻഡിക്കേറ്റ് പരിഗണിക്കാനിരിക്കുന്നതേയുള്ളൂ.
10 വർഷം മുൻപ് കേരളസർവകലാശാലയിലെ അസിസ്റ്റന്റ് നിയമനത്തിനുള്ള എഴുത്തുപരീക്ഷയുടെ അരലക്ഷത്തോളം ഉത്തരക്കടലാസുകൾ കാണാതായത് സംബന്ധിച്ച പ്രശ്നങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.
സ്പെഷ്യൽ പരീക്ഷ!
സ്പെഷ്യൽ പരീക്ഷ നടത്തുമ്പോൾ മൂല്യനിർണയത്തിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നും വേണ്ടപ്പെട്ടവർക്ക് ഉയർന്ന മാർക്ക് ലഭിക്കാനുള്ള കുറുക്കുവഴിയാണിതെന്നുമാണ് ആക്ഷേപം. സ്പെഷ്യൽ പരീക്ഷയെഴുതുന്ന മിക്കവർക്കും ഉയർന്ന മാർക്ക് ലഭിക്കുന്നതു ദുരൂഹമാണെന്നും വിദ്യാർത്ഥികൾ പറയുന്നു.