തിരുവനന്തപുരം:കൊടുംചൂടിൽ ചുട്ടുപൊള്ളുന്ന കേരളത്തിൽ ഇന്നലെ നിരവധി സ്ഥലങ്ങളിലായി 37 പേർക്ക് സൂര്യാഘാതമേറ്റു. ഒരാൾ കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമേറ്റവരിൽ നാല് വയസുള്ള ബാലികയും ഉൾപ്പെടുന്നു.ആരുടെയും നില ഗുരുതരമല്ലെങ്കിലും എല്ലാവരും ആശുപത്രികളിൽ ചികിത്സ തേടി. ഇതോടെ രണ്ട് ദിവസത്തിനിടെ സൂര്യാഘാതം ഏറ്റവരുടെ എണ്ണം 59 ആയി.
ചൂടിന്റെ ആധിക്യത്തിനിടെ സംസ്ഥാനത്ത് ചിക്കൻപോസ്‌സും മഞ്ഞപ്പിത്തവും പടരുന്നതും ആശങ്കയുണ്ടാക്കുന്നു.
പറവൂർ കെടാമംഗലം തുണ്ടിപ്പുരയിൽ വേണു (50) ആണ് ഇന്നലെ കുഴഞ്ഞു വീണു മരിച്ചത്. മത്സ്യതൊഴിലാളിയാണ്. രാവിലെ മീൻ പിടിക്കാൻ പോയി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഒന്നരയോടെ വീട്ടിൽ മടങ്ങിയെത്തി. കുഴഞ്ഞുവീണ വേണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: ശബരിനാഥ്, കൃഷ്ണപ്രിയ.
ഞായറാഴ്ച മൂന്ന് പേർ മരിച്ചതിനെ തുടർന്ന് നാടാകെ ജാഗ്രതപാലിച്ചിട്ടും സൂര്യാഘാതമേൽക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ആലപ്പുഴ ജില്ലയിൽ രണ്ട് സ്‌ത്രീകളും കോട്ടയത്ത് നാല് വയസുകാരി ഉൾപ്പെടെ അഞ്ച് പേരും കൊല്ലം ജില്ലയിൽ മൂന്ന് സ്ത്രീകളും പറവൂരിൽ ഓട്ടോഡ്രൈവറും പാലക്കാട് രണ്ട് പേരും തിരുവനന്തപുരം ആര്യനാട്ട് മരാമത്ത് ഓവർസിയറും സൂര്യാഘാതമേറ്റവരിൽ ഉൾപ്പെടുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും പൊള്ളലും നീറ്റലും അനുഭവപ്പെട്ട ഇവരെല്ലാം ആശുപത്രികളിൽ എത്തിയപ്പോഴാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്.
മനുഷ്യർക്കൊപ്പം മൃഗങ്ങളും ചൂടിൽ വലയുകയാണ്. ആലുവയിൽ സൂര്യാഘാതമേറ്റ് ഒരു കാള ചത്തു.
കൊടും ചൂടിൽ ചിക്കൻ പോക്സും തളർച്ചയും മഞ്ഞപ്പിത്തവും ബാധിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഇന്നലെ മാത്രം 147 പേർക്ക് ചിക്കൻ പോക്സ് ബാധിച്ചു. മാർച്ചിൽ ഇതുവരെ 3,481 പേർക്ക് ചിക്കൻ പോക്സ് ബാധിച്ചെന്നാണ് റിപ്പോർട്ട്.
ഇന്നലെ വെള്ളാനിക്കരയിലായിരുന്നു കൂടുതൽ ചൂട് . 39.1ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞദിവസം 40 ഡിഗ്രി കടന്ന വെള്ളാനിക്കരയിൽ ഇന്നലെ ചൂട് അൽപം കുറഞ്ഞെങ്കിലും മറ്റിടങ്ങളിൽ ചൂട് കൂടിയതോടെ സംസ്ഥാനത്തെ ശരാശരി താപനില 38 ഡിഗ്രി കടന്നു. ഇങ്ങനെ തുടർന്നാൽ ശരാശരി താപനില 40 ഡിഗ്രിക്ക് മുകളിലെത്തും. അത് ഉഷ്ണതരംഗത്തിനും വലിയ ആൾനാശത്തിനും ഇടയാക്കുമെന്നാണ് ദുരന്തനിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇങ്ങനെ പോയാൽ അടുത്ത മാസത്തോടെ കടുത്ത വരൾച്ചയുണ്ടാകാനും അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴാനും ഇടയുണ്ട്. ഇത് ഗുരുതരമായ സ്ഥിതിയുണ്ടാക്കും.
ഇൗമാസം വേനൽമഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാകേന്ദ്രം നൽകുന്ന സൂചന. നേരിയ മഴയ്‌ക്ക് സാദ്ധ്യതയുള്ളത് കൊല്ലം, ആലപ്പുഴ ജില്ലകളിൽ മാത്രമാണ് . ചൂട് അസാധാരണമായി ഉയരുന്നതിനാൽ ആ മഴയും കിട്ടിയെന്നു വരില്ല.
ഇവർ സൂക്ഷിക്കണം
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവർ പകൽ 11 മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. ഇവർക്ക്ക്ക് എളുപ്പം സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ട്.
- കേരള ദുരന്ത നിവാരണ അതോറിട്ടി
28വരെ അത്യുഷ്ണം
കൊല്ലം, ആലപ്പുഴ,കോട്ടയം, തൃശ്ശൂർ, പാലക്കാട്,കോഴിക്കോട് ജില്ലകളിൽ 4ഡിഗ്രിവരെ ചൂട് കൂടും
തിരുവനന്തപുരം, പത്തനംതിട്ട,എറണാകുളം,മലപ്പുറം,കണ്ണൂർ,കാസർകോട് ജില്ലകളിൽ 3ഡിഗ്രിവരെ ചൂട് കൂടും
ഇന്നലത്തെ താപനില
വെള്ളാനിക്കര 39.1,കോട്ടയം 38.5, പാലക്കാട് 38.2, പുനലൂർ 38.6, എറണാകുളം 36.1
സൂര്യാഘാതം രണ്ടുദിവസത്തെ കണക്ക്
ഇന്നലെ മാത്രം 37 പേർ.
തിരുവനന്തപുരം 1, ആലപ്പുഴ 9, എറണാകുളം 12, ഇടുക്കി 2, തൃശ്ശൂർ 1, പത്തനംതിട്ട 6, കണ്ണൂർ 3, മലപ്പുറം 2,കോട്ടയം 5, കൊല്ലം 8,പാലക്കാട് 4 കോഴിക്കോട് 6,കാസർകോട് 1. ആകെ 60