air

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തി ഡ്രോൺ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് പൊലീസ് നടത്തിയ റെയ്ഡുകളിൽ 15 ഡ്രോണുകൾ (റിമോട്ട് നിയന്ത്റിത ചെറുവിമാനം) പിടിച്ചെടുത്തു. ഇവ തീവ്രവാദ പ്രവർത്തനങ്ങൾക്കോ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഇവയുടെ ഉടമസ്ഥർക്കെതിരെ കേസെടുക്കും. ഇവയിൽ 9 എണ്ണത്തിന് രജിസ്ട്രേഷനുണ്ട്. ചൈനാ നിർമ്മിത ഹൈ ക്വാളി​റ്റി ഡ്രോണുകൾക്കാണ് രജിസ്ട്രേഷനില്ലാത്തത്. ഇവ ഓൺലൈനിൽ വാങ്ങിയതാണ്. ഡ്രോൺ പറത്തിവിട്ടാൽ ഇവരുടെ കൈവശമുള്ള ലാപ്‌ടോപ്പിൽ തത്സമയം നാലും അഞ്ചും കിലോമീ​റ്റർ ദൂരപരിധിയിലുള്ള ദൃശ്യങ്ങൾവരെ ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയിലാണ് കോവളം മുതൽ കഴക്കൂട്ടം ഭാഗത്തേക്ക് നീങ്ങിയ ഡ്രോൺ വ്യോമസേനയുടെ റഡാറിൽ കണ്ടത്. പൊലീസ് ഉടൻ വിമാനത്താവളത്തിന് ജാഗ്രതാനിർദ്ദേശം കൈമാറി. തൊട്ടുപിന്നാലെ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന് തൊട്ടടുത്തും തമ്പാനൂരിനടുത്തെ ഓവർബ്രിഡ്ജിലും പൊലീസ് ആസ്ഥാനത്തിന് മുകളിലും ഡ്രോൺ പ്രത്യേക്ഷപ്പെട്ടു. കോവളം ബീച്ചിനു മുകളിലും വി.എസ്.എസ്.സിക്കു സമീപവുമാണ് കഴിഞ്ഞയാഴ്ച ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. തീരദേശ റെയിൽപ്പാതയുടെ സർവേ നടത്തുന്ന മുംബയിലെ ഇൻട്രോൺ സൊല്യൂഷൻ കമ്പനിയുടേതാണ് അതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ച കമ്പനി പ്രതിനിധികൾക്കെതിരെ കേസെടുത്തതായി സി​റ്റി പൊലീസ് കമ്മിഷണർ കോറി സഞ്ജയ്‌കുമാർ ഗുരുദിൻ പറഞ്ഞു. നേമത്ത് സർവേക്കിടെ കമ്പനിയുടെ ഡ്രോൺ നഷ്ടപ്പെട്ടെന്നായിരുന്നു നാഗർകോവിലിൽ നിന്നെത്തിയ ഉദ്യോഗസ്ഥരുടെ മൊഴി. മൂന്നു കിലോമീ​റ്റർ ചു​റ്റളവിൽ പറക്കാൻ ശേഷിയുള്ള ഡ്രോൺ കാറിലിരുന്ന് പ്രവർത്തിപ്പിക്കുമ്പോഴാണ് നിയന്ത്റണം വിട്ട് പറന്നത്. അത് കണ്ടെത്താനായില്ല. ഡ്രോണിന്റെ റിമോട്ട് കമ്പനി അധികൃതരുടെ കൈവശമുണ്ടെന്ന് പൊലീസ് പറഞ്ഞു. റിമോട്ട് ഇല്ലാതെ അത് പ്രവർത്തിപ്പിക്കാനാവില്ലെന്ന് കമ്പനി ഉദ്യോഗസ്ഥർ പറയുന്നു. പൊലീസ് ആസ്ഥാനത്തിനു മുകളിൽ കണ്ട ഡ്രോൺ സമീപത്തെ കല്യാണമണ്ഡപത്തിലുള്ളവർ ഉപയോഗിച്ചതാകാമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷിച്ചെങ്കിലും അതുമായി ബന്ധമില്ലെന്ന് വ്യക്തമായി.

ഓപ്പറേഷൻ ഉഡാൻ
ഭീതിവിതച്ച് ഡ്രോൺ പറത്തുന്നവരെ കണ്ടെത്താൻ 'ഓപ്പറേഷൻ ഉഡാൻ' എന്ന പേരിലുള്ള പ്രത്യേകദൗത്യം പൊലീസ് ആരംഭിച്ചു. വ്യോമസേന, ഐ.എസ്.ആർ.ഒ എന്നിവയുടെ സഹായത്തോടെയാണ് അന്വേഷണം. 2018 ഡിസംബർ മുതൽ ഡ്രോണുകൾക്ക് കർശനനിയന്ത്റണം ഏർപ്പെടുത്തിയിട്ടുണ്ട്. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്റണങ്ങൾ. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്ക് മുകളിൽ പറക്കാൻ പാടില്ല. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ല. നാനോ ഡ്രോണുകൾക്ക് മുകളിലുള്ള എല്ലാ ഡ്രോണുകൾക്കും വ്യോമയാന ഡയറക്ടറേ​റ്റ് നൽകുന്ന പെർമി​റ്റും വ്യക്തിഗത തിരിച്ചറിയൽ നമ്പരും വേണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താവൂ. പാർലമെന്റ്, രാഷ്ട്രപതിഭവൻ, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങൾ, സെക്രട്ടേറിയ​റ്റ്, മ​റ്റു സുരക്ഷാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഡ്രോണുകൾ പറത്താൻ പാടില്ല..