euro-cup-qualification-ro
euro cup qualification round

പാരീസ് : യൂറോകപ്പ് യോഗ്യതാറൗണ്ടിൽ വമ്പൻമാരായ ഇംഗ്ളണ്ടിനും ഫ്രാൻസിനും തകർപ്പൻ വിജയങ്ങൾ. ലോക ചാമ്പ്യൻമാരായ ഫ്രാൻസ് എതിരില്ലാത്ത നാലു ഗോളുകൾക്ക് കഴിഞ്ഞ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്ന ഐസ്‌ലാൻഡിനെയാണ് കീഴടക്കിയത്. ഇംഗ്ളണ്ട് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് മോണ്ടിനെഗ്രോയെ കീഴടക്കി. അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ സെർബിയയുമായി 1-1 ന് സമനിലയിൽ പിരിഞ്ഞു.

പാരീസിൽ നടന്ന മത്സരത്തിൽ ലോകകപ്പ് ജേതാക്കൾക്ക് യോജിച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു ഫ്രാൻസ്. 12-ാം മിനിട്ടിൽ ഡിഫൻഡർ സാമുവൽ ഉമിറ്റിറ്റിയിലൂടെയാണ് ഫ്രാൻസ് സ്കോറിംഗ് തുടങ്ങിയത്. രണ്ടാം പകുതിയിലാണ് മറ്റ് മൂന്ന് ഗോളുകളും പിറന്നത്. 68-ാം മിനിട്ടിൽ ഒളിവൽ ഗിറൗഡ്, 78-ാം മിനിട്ടിൽ കൈലിയൻ എംബാപ്പെ, 84-ാം മിനിട്ടിൽ അന്റോയിൻ ഗ്രീസ്‌മാൻ എന്നിവർ പട്ടിക പൂർത്തിയാക്കി. ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത എംബാപ്പെയായിരുന്നു ഫ്രഞ്ച് പടയിലെ സൂപ്പർ ഹീറോ. ഗ്രൂപ്പ് എച്ചിൽ ഫ്രാൻസിന്റെ രണ്ടാം വിജയമാണിത്. കഴിഞ്ഞ ദിവസം അവർ 4-1 ന് മോൾഡോവയെ കീഴടക്കിയിരുന്നു.

കഴിഞ്ഞ ദിവസം ചെക്ക് റിപ്പബ്ളിക്കിനെ 5-0 ത്തിന് തോൽപ്പിച്ചിരുന്ന ഇംഗ്ളണ്ട് ആ ഫോമിന്റെ തുടർച്ചയാണ് മോണ്ടിനെഗ്രോയ്ക്ക് എതിരെ പുറത്തെടുത്തത്. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ മോണ്ടിനെഗ്രോ 17-ാം മിനിട്ടിൽ മാർക്കോ വെസോവിച്ചിയുടെ ലീഡ് നേടിയെങ്കിലും വലിയ ആഘാതമാണ് അവരെ കാത്തിരുന്നത്. 30-ാം മിനിട്ടിൽ മൈക്കേൽ കീൻ മത്സരം സമനിലയിലാക്കി. 38, 59 മിനിട്ടുകളിൽ റോസ് ബാർക്ക്ലി ലീഡ് നൽകി. 71-ാം മിനിട്ടിൽ ഹാരികേനും 80-ാം മിനിട്ടിൽ റഹിം സ്റ്റെർലിംഗും ചേർന്ന് പട്ടിക പൂർത്തിയാക്കി.

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഉക്രൈനുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്ന പോർച്ചുഗൽ രണ്ടാം മത്സരത്തിൽ സെർബിയയുമായി 1-1 നാണ് സമനിലയിൽ പിരിഞ്ഞത്. ഏഴാം മിനിട്ടിൽ ദുസാൻ ടാഡിച്ചിന്റെ പെനാൽറ്റിയിലൂടെ സ്കോർ ചെയ്ത സെർബിയയെ 42-ാം മിനിട്ടിലെ ഡാനിലോ പെരേരയുടെ ഗോളിലൂടെയാണ് പോർച്ചുഗൽ സമനിലയിൽ തളച്ചത്.

മറ്റ് മത്സരങ്ങളിൽ തുർക്കി 4-0ത്തിന് മോൾഡോവയെയും അൽബേനിയ 3-0ത്തിന് അൻഡോറയെയും ഉക്രൈൻ 2-1 ന് ലക്സംബർഗിനെയും തോൽപ്പിച്ചു.

വംശീനാധിക്ഷേപം യുവേഫ അന്വേഷിക്കും

മോണ്ടിനെഗ്രോയ്ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയ ഇംഗ്ളീഷ് താരങ്ങളായ ഡാനി റോസിനെയും റഹിം സ്റ്റെർലിംഗിനെയും കാണികൾ വംശീയമായി അധിക്ഷേപിച്ചത് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ അന്വേഷിക്കും. സ്റ്റെർലിംഗ് ടീമിന്റെ അഞ്ചാം ഗോൾ നേടിയപ്പോഴാണ് ആക്ഷേപം ശക്തമായത്. ഇതുപോലെയുള്ള വേദികളിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നത് വിലക്കണമെന്ന് സ്റ്റെർലിംഗ് മത്സരശേഷം ആവശ്യപ്പെട്ടു. ഇംഗ്ളണ്ട് കോച്ച് ഗാരേത്ത് സൗത്ത് ഗേറ്റും ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.

ക്രിസ്റ്റ്യാനോയ്ക്ക് പരിക്ക്

ലിസ്‌ബൺ : സെർബിയയ്ക്കെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിനിടെ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റു.

മത്സരത്തിന്റെ ആദ്യ പകുതിക്കിടെയാണ് ക്രിസ്റ്റ്യാനോയ്ക്ക് പേശിവലിവ് അനുഭവപ്പെട്ടത്. ഇതോടെ സൂപ്പർ താരത്തെ പിൻവലിക്കുകയും ചെയ്തു. പരിക്കിനെപ്പറ്റി ഒന്നും പറയാറായിട്ടില്ലെന്നും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം വീണ്ടും കളത്തിലിറങ്ങാമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്റ്റ്യാനോ മത്സരശേഷം പറഞ്ഞു.

ക്രിസ്റ്റ്യാനോയുടെ പരിക്കിന്റെ വാർത്ത ആശങ്കയുണർത്തുന്നത് ഇറ്റാലിയൻ ക്ളബ് യുവന്റ്സിന്റെ ആരാധകരിലാണ്. ഏപ്രിൽ 10 ന് ചാമ്പ്യൻസ് ലീഗിൽ അയാക്സുമായുള്ള ആദ്യ പാദ ക്വാർട്ടർ ഫൈനലിന് മുമ്പ് ക്രിസ്റ്റ്യാനോയ്ക്ക് കളിക്കളത്തിൽ തിരിച്ചെത്താനാകുമോ എന്ന സംശയത്തിലാണ് ആരാധകർ.

മത്സര ഫലങ്ങൾ

ഇംഗ്ളണ്ട് 5 - മോണ്ടിനെഗ്രോ 1

ഫ്രാൻസ് 4 - ഐസ്‌ലാൻഡ് 0

പോർച്ചുഗൽ 1 - സെർബിയ 1

ബൾഗേറിയ 1 - കൊസാവോ 1

ഉക്രൈൻ 2- ലക്‌സംബർഗ് 1

തുർക്കി 4 - മോൾഡോവ 0