തിരുവനന്തപുരം:വയനാട്ടിൽ രാഹുൽഗാന്ധി സ്ഥാനാർത്ഥിയാകുന്നതിലെ അനിശ്ചിതത്വത്തിന് മൂന്നാം ദിവസവും വിരാമമായില്ല. വയനാട്ടിലേക്കുള്ള കെ.പി.സി.സി ക്ഷണം സ്വീകരിക്കുന്നതായി രാഹുൽ അറിയിക്കാത്തതാണ് അനിശ്ചിതത്വം മുറുക്കുന്നത്.
ക്ഷണം രാഹുൽ തള്ളാത്തതിലാണ് കേരളനേതാക്കളുടെ പ്രതീക്ഷ. എ.കെ. ആന്റണിയും മുകുൾവാസ്‌നികും കെ.സി. വേണുഗോപാലുമടക്കമുള്ള നേതാക്കളെ ഇന്നലെ വയനാട് ഡി.സി.സി നേതൃത്വം ബന്ധപ്പെട്ടപ്പോൾ, കാത്തിരിക്കാനാണ് നിർദ്ദേശിച്ചത്. വയനാട്ടിലെ സാദ്ധ്യതകൾ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരിച്ചപ്പോഴും രാഹുൽ താനില്ല എന്ന് പറഞ്ഞില്ല. പതിനൊന്നാമത് സ്ഥാനാർത്ഥിപട്ടികയിലും വയനാടും വടകരയും ഇല്ലാത്തതും പ്രതീക്ഷ ഉണർത്തുന്നുണ്ട്.
അതേസമയം, രാഹുലിന്റെ വരവിനെ ചൊല്ലിയുള്ള ഇടത്- കോൺഗ്രസ് രാഷ്ട്രീയസംവാദം കനക്കുകയാണ്. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച രാഹുൽ ബി.ജെ.പി ശക്തമല്ലാത്തിടത്ത് വന്ന് മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യമാണ് സംവാദത്തിന് തുടക്കമിട്ടത്.
മോദിക്കെതിരായ ശക്തമായ പോരാട്ടമുഖമായ രാഹുലിനെ പിന്തുണയ്ക്കുകയല്ലേ ഇടതുപക്ഷം ചെയ്യേണ്ടതെന്നാണ് കേരളത്തിലെ കോൺഗ്രസ് കേരളനേതാക്കളുടെ മറുചോദ്യം. എങ്കിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ നിന്നും ഇടതുപക്ഷം മാറിനിൽക്കാമല്ലോ എന്നാണ് സി.പി.എമ്മിന്റെ പരിഹാസമറുപടി.
ദേശീയതലത്തിൽ ശക്തമല്ലാത്ത ഇടതുപക്ഷത്തിന് ബി.ജെ.പി വിരുദ്ധ ബദലിന് കാര്യമായ സംഭാവന നൽകാനില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഈ ഘട്ടത്തിൽ ദക്ഷിണേന്ത്യയിലടക്കം ബി.ജെ.പിവിരുദ്ധ മുന്നേറ്റത്തിന് ഒപ്പം നിൽക്കുകയല്ലേ ഇടതുപക്ഷം ചെയ്യേണ്ടത് എന്നാണ് ചോദ്യം. ആ മുന്നേറ്റത്തിന് സഹായകമാകുന്നതാണ് കർണാടകയുടെയും തമിഴ്നാടിന്റെയും അതിർത്തി പങ്കിടുന്ന വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.
രാഹുൽ അങ്ങനെ തീരുമാനിച്ചാൽ വിഡ്ഢിത്തമായിരിക്കുമെന്നാണ് സി.പി.എം, സി.പി.ഐ വിലയിരുത്തൽ. ബി.ജെ.പി വിരുദ്ധ ബദലിന് പിന്തുണയുമായി നിൽക്കുന്ന ഇടതുപക്ഷത്തിനെതിരെ പോരാടുന്നത് ബി.ജെ.പിക്ക് മുതലെടുപ്പിനുള്ള അവസരം നൽകും. ദേശീയ തലത്തിൽ രാഹുലാണ് മോദിയുടെ മുഖ്യ എതിരാളിയെന്ന് കോൺഗ്രസ് പറയുമ്പോഴും, പ്രാദേശിക കക്ഷികളുടെ നിലപാടുകളാവും ബദലിൽ നിർണ്ണായകമാവുകയെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു.
മാത്രമല്ല, മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും കർഷക സമരമടക്കം മോദിക്കെതിരായ സമരങ്ങൾക്ക് നേതൃത്വം നൽകിയത് ഇടത് പോഷകസംഘടനകളോ ഇടതുപാർട്ടികളോ ആണ്. രാഹുൽ അടക്കം ആ സമരവേദികളിലെത്തി പിന്തുണയ്ക്കുകയാണുണ്ടായത്. അതെല്ലാം മറന്ന് ബി. ജെ. പി. ഇല്ലാത്ത ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലത്തിൽ രാഹുൽ മത്സരിക്കുന്നതിന്റെ സാംഗത്യമാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നത്.