kerala-university-festiva

തിരുവനന്തപുരം: അതിജീവനത്തിന്റെ സന്ദേശമോതി കേരള സർവകലാശാല യുവജനോത്സവത്തിന് കാര്യവട്ടം കാമ്പസിൽ തിരിതെളിഞ്ഞു. ഇനി യുവ കലാപ്രതിഭകളുടെ മത്സര വീര്യത്തിന്റെ നാലു നാളുകൾ. പ്രളയ പശ്ചാത്തലത്തിൽ ആഘോഷമൊഴിവാക്കിയുള്ള ഉദ്ഘാടന ചടങ്ങ് വ്യത്യസ്തമായി. കേരളത്തെ പ്രളയക്കയത്തിൽ നിന്ന് കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികളും നിപ്പാ ദുരന്തത്തിന്റെ കണ്ണീരോർമ്മയായ സിസ്റ്റർ ലിനിയുടെ കുടുംബാംഗങ്ങളും ചേർന്നാണ് യുവജനോത്സവം ഉദ്ഘാടനം ചെയ്തത്. ലിനിയുടെ ഭർത്താവ് സജീഷ് 'മലയാളി ഒരു തോറ്റ ജനതയല്ല എന്ന് ഞങ്ങൾ തിരിച്ചറിയുന്നു' എന്നു തുടങ്ങുന്ന അതിജീവനത്തിന്റെ പ്രതിജ്ഞ ചൊല്ലിയായിരുന്നു ചടങ്ങ് ആരംഭിച്ചത്.

ലിനി ലോകത്തിന് ചെയ്ത നന്മയാണ് തന്നെ ഈ വേദിയിൽ നിൽക്കാൻ ഇടയാക്കിയതെന്ന് സജീഷ് പറഞ്ഞു. സജിത്തിന്റെയും ലിനിയുടെയും മക്കളായ മൃദുൽ, സിദ്ധാർഥ്, ലിനിയുടെ അമ്മ രാധ എന്നിവരും വേദിയിലുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് അനി, രാജു, ജോസഫ് എന്നിവർ പങ്കെടുത്തു. സി.ദിവാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ ശ്യാമിലി ശശികുമാർ അദ്ധ്യക്ഷയായി. മേയർ വി.കെ പ്രശാന്ത്, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി മഹാദേവൻ പിള്ള, പ്രൊ.വൈസ് ചാൻസലർ ഡോ.പി.പി അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ ബാബ്ജൻ, ഷിജുഖാൻ, ലെനിൻ ലാൽ, ഡോ.നസീബ്, ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
മൂവായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിൽ 9 വേദികളിലായി 100 മത്സരയിനങ്ങളാണ് നടക്കുന്നത്. കലോത്സവം മാർച്ച് 30ന് സമാപിക്കും.


അരങ്ങുണർന്നു

'ഹോംഗെ കാംയാബ്'-അതീജീവനത്തിന്റെ യൗവനോത്സവം എന്നു പേരിട്ട കേരള സർവകലാശാല കലോത്സവത്തിന്റെ വേദികൾ ആദ്യദിവസം ഉണർന്നത് മോഹിനിയാട്ടത്തിന്റെ ലാസ്യച്ചുവടുകളോടെ. വേദി ഒന്നിൽ രാത്രി പത്തോടെയാണ് ആദ്യ മത്സരയിനമായി മോഹിനിയാട്ടം ആരംഭിച്ചത്. വേദി രണ്ടിൽ ആൺകുട്ടികളുടെ കഥകളിയും മൂന്നാം വേദിയിൽ ഗസലുമായിരുന്നു ആദ്യദിവസം നടന്ന മത്സരയിനങ്ങൾ. മൂന്നു വേദികളിലും രാത്രി വൈകിയും മത്സരങ്ങൾ തുടരുകയാണ്. ഇന്ന് ഒമ്പതു വേദികളിലും മത്സരം നടക്കും.