mayor

തിരുവനന്തപുരം: മാലിന്യം നിറഞ്ഞ നഗരപരിധിയിലെ ബൈപാസ് വൃത്തിയാക്കാൻ ചൂലുമായി മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ സംഘമിറങ്ങി. കഴക്കൂട്ടം മുതൽ വിഴിഞ്ഞം വരെയുള്ള പ്രദേശങ്ങളാണ് ഇന്നലെ മാസ് ക്ലീനിംഗിലൂടെ ശുചീകരിച്ചത്. ശ്രീകണ്‌ഠേശ്വരം, തിരുവല്ലം, ബീച്ച്, പൂന്തുറ, കഴക്കൂട്ടം, കടകംപള്ളി, വിഴിഞ്ഞം ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസുകളിൽ നിന്നുള്ള 250 ജീവനക്കാർക്കൊപ്പമായിരുന്നു മേയർ ശുചീകരണത്തിന് ഇറങ്ങിയത്. ബൈപാസിന് ഇരുവശവും കൂടിക്കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പി മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ, ജൈവ മാലിന്യങ്ങൾ എന്നിവ വെവ്വേറെ തരംതിരിക്കുകയും ജൈവമാലിന്യങ്ങൾ നീക്കം ചെ‌യ്‌തുമായിരുന്നു ശുചീകരണം. കോഴിമാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേകം ശുചീകരണം നടത്തി. ഓടകളിലും സർവീസ് റോഡുകളിലെ ഓടകളിലും ഇറച്ചിമാലിന്യം ചാക്കുകളിലാക്കി വലിയതോതിൽ നിക്ഷേപിച്ചിരുന്നതും നീക്കം ചെയ്‌തു. ഒരു ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങളും 25 ചാക്ക് കുപ്പി മാലിന്യങ്ങളും, 16 ചാക്ക് പ്ലാസ്റ്റിക് കുപ്പിയും തരംതിരിച്ച് ശേഖരിച്ച് നഗരസഭയുടെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്ററിലേക്ക് മാറ്റി. അറവുമാലിന്യങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രാത്രികാല ഹെൽത്ത് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തമാക്കുമെന്നും മാലിന്യം തള്ളുന്ന വാഹനങ്ങൾ കണ്ടുപിടിക്കാൻ മാറ്റി സ്ഥാപിക്കാൻ കഴിയുന്ന കാമറകൾ ഈ പ്രദേശങ്ങളിൽ സ്ഥാപിക്കുമെന്നും മേയർ അറിയിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ, ഹെൽത്ത് ഓഫീസർ, ഹെൽത്ത് സൂപ്പർ വൈസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരും ക്ലീനിംഗിൽ പങ്കെടുത്തു. വേനൽ കണക്കിലെടുത്ത് രാവിലെ 6 മുതൽ 11 വരെയായിരുന്നു ശുചീകരണം.