ന്യൂഡൽഹി : ഡൽഹി ക്യാപ്പിറ്റൽസിനെതിരായ ഐ.പി.എൽ മത്സരത്തിൽ വിജയിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടത് 148 റൺസ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപ്പിറ്റൽസ് ശിഖർ ധവാന്റെ (51) അർദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് 147/8 എന്ന സ്കോറിലെത്തിയത്. ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗിനിറങ്ങിയ ശിഖർ ധവാനും പൃത്ഥി ഷായും (24) ചേർന്ന് 27 പന്തുകളിൽ 36 റൺസ് കൂട്ടിച്ചേർത്തു. 16 പന്തുകളിൽ അഞ്ച് ബൗണ്ടറികളടക്കം 24 റൺസ് നേടിയ ഷായാണ് ആദ്യം പുറത്തായത്. ദീപക് ചഹറിന്റെ പന്തിൽ വാട്ട്സണാണ് ഷായെ പിടികൂടിയത്.
തുടർന്നിറങ്ങിയ നായകൻ ശ്രേയസ് അയ്യർ (18) ധവാനൊപ്പം പതിയെ മുന്നോട്ടു നീങ്ങി. 43 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം 12-ാം ഓവറിലാണ് പിരിഞ്ഞത്. ഇമ്രാൻ താഹിർ ശ്രേയസിനെ എൽ.ബിയിൽ കുരുക്കുകയായിരുന്നു. 20 പന്തുകൾ നേരിട്ട ഡൽഹി ക്യാപ്ടൻ ഒരു സിക്സ് പറത്തിയിരുന്നു.
തുടർന്ന് ധവാനും ഋഷഭ് പന്തും ചേർത്ത് മുന്നോട്ടു നീങ്ങിയെങ്കിലും ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ 16-ാം ഓവർ നിർണായകമായി. കഴിഞ്ഞ കളിയിൽ അതിവേഗത്തിൽ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്ന ഋഷഭ് പന്തിനെ ശാർദ്ദൂൽ താക്കൂറിന്റെ കയ്യിലെത്തിച്ച ബ്രാവോ രണ്ട് പന്തുകൾക്കകം ഇൻഗ്രാമിനെയും മടക്കി അയച്ചു. 13 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 25 റൺസിലെത്തിയപ്പോഴാണ് ഋഷഭിന് മടങ്ങേണ്ടിവന്നത്. ഇൻഗ്രാമും മടങ്ങിയതോടെ ഡൽഹി 122/4 എന്ന നിലയിലായി. 17-ാം ഓവറിൽ കീമോപോളും (0) കൂടാരം കയറി. ജഡേജയുടെ പന്തിൽ പോളിന്റെ കുറ്റി തെറിക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറി തികച്ചയുടൻ ധവാനും മടങ്ങി. 47 പന്തുകളിൽ ഏഴ് ബൗണ്ടറികൾ പറത്തിയ ധവാൻ ബ്രാവോയുടെ പന്തിൽ താക്കൂറിനാണ് ക്യാച്ച് നൽകിയത്. ഇതോടെ ഡൽഹി 138/6 എന്ന സ്കോറിലെത്തി.