തിരുവനന്തപുരം: കർഷകരെടുത്ത എല്ലാത്തരം വായ്പകൾക്കും ഡിസംബർ 31വരെ മോറട്ടോറിയം ബാധകമാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവടങ്ങിയ ഫയൽ കൂടുതൽ വ്യക്തത തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ മടക്കി.
കാർഷിക വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നിലനിൽക്കെ, അത് വീണ്ടും നീട്ടാനുള്ള തീരുമാനം വേഗത്തിലാക്കണമെന്ന നിർദ്ദേശം എന്തിന് വേണ്ടിയെന്ന് വിശദമാക്കാനാണ് ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരിക്കുന്നത്. മന്ത്രിസഭായോഗം തീരുമാനിച്ചിട്ടും ഉത്തരവിറക്കാൻ കാലതാമസമുണ്ടായ സാഹചര്യവും വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരമൊരുത്തരവ് ഇറക്കാൻ അടിയന്തര സാഹചര്യമെന്താണെന്നാണ് വിശദീകരിക്കേണ്ടത്. അതില്ലെങ്കിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാനാവില്ല.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ചീഫ് സെക്രട്ടറി വെള്ളിയാഴ്ച എത്തിച്ച ഫയലിൽ ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യം വിശദീകരിച്ചിരുന്നില്ല. വിശദീകരണത്തോടെ സർക്കാർ വീണ്ടും ഫയൽ അയച്ചാൽ തുടർനടപടിയെടുക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് ഫയലയക്കാതിരുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ചീഫ്സെക്രട്ടറിയെ മുഖ്യമന്ത്രിയടക്കം വിമർശിച്ചിരുന്നു.