തിരുവനന്തപുരം: മേലത്തുമേലിലെ ആക്രമണത്തിലും കൊലപാതകത്തിലും ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. മുമ്പ് പലതവണ ശ്രീകുമാർ മേലത്തുമേലിലെ വീട്ടിലെത്തി ആക്രമണം നടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആറു മാസങ്ങൾക്ക് മുമ്പ് മകൻ മിഥുലിനെ കുത്താൻ കത്തിയുമായി ഓടിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി വട്ടിയൂർക്കാവ് പൊലീസിൽ ഏല്പിച്ചത്. രജനിയുടെ മാതാപിതാക്കളെ ശ്രീകുമാർ മർദ്ദിക്കുന്നതും പതിവായിരുന്നു. ഇന്നലെ ബഹളത്തിനായി ഇയാൾ എത്തിയപ്പോഴാണ് മകൾ മിഥുല വീട്ടിനുള്ളിൽ ഒളിച്ചത്. മിഥുൽ കളിക്കാനായി പുറത്ത് പോയിരിക്കുകയായിരുന്നു. അതുകൊണ്ടാണ് കുട്ടികൾ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടത്. പി.എസ്.സിയിലെ മുൻ ഉദ്യോഗസ്ഥരായിരുന്നു രജനിയുടെ മാതാപിതാക്കളായ കൃഷ്ണൻനായരും രമാദേവിയും. ആക്രമണത്തിന് ശേഷം രക്തത്തിൽ കുളിച്ച് കിടന്ന രജനിയെയും മാതാപിതാക്കളെയും നാട്ടുകാർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. മദ്യത്തിനും ലഹരിക്കും അടിമയായ ശ്രീകുമാറിനെ നേർവഴിക്കെത്തിക്കാൻ രജനി മുൻകൈയെടുത്ത് ഡീ - അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ശ്രീകുമാറിന്റെ ആക്രമണ സ്വഭാവത്തെ തുടർന്നാണ് രജനി മക്കളുമൊത്ത് മാതാപിതാക്കൾക്കൊപ്പം താമസമാക്കിയത്.
ശ്രീകുമാറിനെ പിടികൂടിയത് രാജപ്പൻ
" വൈകിട്ട് ആറോടെ ജംഗ്ഷനിൽ ഇരിക്കുവായിരുന്നു ഞാനും സുഹൃത്തുക്കളും. പെട്ടെന്ന് സമീപവാസിയായ സ്ത്രീ ഓടി വന്ന് കൃഷ്ണൻ നായർ സാറിന്റെ വീട്ടിൽ ബഹളം നടക്കുന്നുവെന്ന് പറഞ്ഞു. അങ്ങോട്ടേക്ക് പോകുമ്പോൾ ശ്രീകുമാർ കൈയിൽ കത്തിയുമായി റോഡിലേക്ക് എടുത്ത് ചാടുകയും റോഡ് സൈഡിൽ വച്ചിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. അയാളുടെ കൈയിൽ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. സംശയം തോന്നിയ ഞാൻ അയാളെ തടഞ്ഞു. മതിലിനോട് ചേർത്ത് പിടിച്ച് നിറുത്തി. തുടർന്ന് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. ഇതിനിടെ കൈയിലുണ്ടായിരുന്ന കത്തി ശ്രീകുമാർ എന്റെ നേരെ വീശി. കഷ്ടിച്ചാണ് ഞാൻ രക്ഷപ്പെട്ടത്. വട്ടിയൂർക്കാവ് മേലത്തുമേലെ കൃഷ്‌ണയിൽ രജനിയെയും മാതാപിതാക്കളേയും കുത്തിപ്പരിക്കേല്പിച്ചശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ശ്രീകുമാറിനെ പിടികൂടിയ മേലത്ത്മേലെ സ്വദേശി രാജപ്പന്റെ വാക്കുകളാണിത്. ചുമട്ട് തൊഴിലാളിയും അയൽവാസിയുമായ രാജപ്പനാണ് അതിസാഹസികമായി പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കാതെ നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെടുത്തിയത്.