ഓച്ചിറ: മുംബയിൽ കണ്ടെത്തിയ രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയും യുവാവുമായി പൊലീസ് റോഡ് മാർഗ്ഗം ഓച്ചിറയിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാത്രിയോടെ സംഘം ഓച്ചിറയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നവി മുംബയ്ക്ക് സമീപം പനവേലിൽ നിന്നും ഇന്നലെ രാവിലെയാണ് ഓച്ചിറയിൽ നിന്നുള്ള പൊലീസ് സംഘം പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന ഓച്ചിറ മേമന സ്വദേശി മുഹമ്മദ് റോഷനേയും (19) കണ്ടെത്തിയത്.
പനവേലിന് സമീപം ഒരുഗ്രാമത്തിൽ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. സ്വമേധയാ പോയതാണെന്നും ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും തനിക്ക് റോഷന് ഒപ്പം പോയാൽ മതിയെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. നാല് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയത്. അവിടെനിന്നും റോഷൻ സുഹൃത്തിനെ വിളിച്ച ഫോൺ കോളുകൾ നിരീക്ഷിച്ച് അവ പിന്തുടർന്നാണ് പൊലീസ് പനവേലിൽ എത്തിയത്. ഇരുവരേയും പനവേൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ട്രാൻസിസ്റ്റ് വാറന്റ് വാങ്ങിയിട്ടുണ്ട്.
മാർച്ച് 11 രാത്രി 10നാണ് നാലംഗംസംഘം മാതാപിതാക്കളെ മർദ്ദിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇതിന് സഹായിച്ച ഓച്ചിറ പായിക്കുഴി മോഴൂർതറയിൽ പ്യാരി (19), പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഓടിച്ച പായിക്കുഴി കുറ്റിത്തറയിൽ അനന്തു (20), ചങ്ങൻകുളങ്ങര തണ്ടാശ്ശേരിൽ തെക്കതിൽ വിപിൻ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കഴിഞ്ഞദിവസം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
ജ്യൂസ് കടയിൽ ജോലി
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനുപയോഗിച്ച കാർ പ്രതികൾ കായംകുളത്ത് ഉപേക്ഷിച്ചത് കണ്ടെത്തിയതിനെ തുർന്നാണ് പൊലീസ് കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. അവർ നൽകിയ സൂചന അനുസരിച്ച് പെൺകുട്ടിയും യുവാവും ബംഗളൂരുവിലേക്ക് പോയി എന്ന സംശയത്തിൽ ഓച്ചിറ എസ്.എ ശിവകുമാറും സംഘവും അവിടെ എത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല.ഇവർ രാജസ്ഥാനിലേക്ക് കടന്നിട്ടുണ്ട് എന്ന സംശയത്തിൽ മറ്റൊരുസംഘം അവിടെയെത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. തുടർന്ന് മുഖ്യ പ്രതിയുടെ സുഹൃത്തിന്റെ ഫോൺകാളുകൾ പിന്തുടർന്ന് പൊലീസ് പനവേലിൽ എത്തുകയായിരുന്നു. സ്വന്തം ഫോൺ ഉപയോഗിക്കാതിരുന്ന റോഷൻ പനവേൽ ബസ് സ്‌റ്റാന്റിന് സമീപം കരിമ്പിൻ ജ്യൂസ് സ്‌റ്റാളിൽ താൽക്കാലിക ജോലി നേടിയിരുന്നു. ഈ സ്ഥാപന ഉടമയുടെ ഫോണിൽ നിന്നാണ് സൃഹൃത്തിനെ വിളിച്ചത്. പെൺകുട്ടിക്ക് പതിനെട്ട് വയസായെന്ന് പ്രതി മുഹമ്മദ് റോഷൻ പറഞ്ഞു.